എറണാകുളം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണം ഗുരുതര സംഭവമെന്ന് ഹൈക്കോടതി. കോളേജ് കാമ്പസിനകത്ത് വച്ച് നിരവധി കുട്ടികളുടെ മുന്നിലാണ് ക്രൂരമായ സംഭവമുണ്ടായതെന്നും മനുഷ്യത്വ രഹിതമായ പീഡനത്തിനാണ് വിദ്യാർത്ഥി ഇരയായതെന്നും ഹൈക്കോടതി പറഞ്ഞു.
ആൾക്കൂട്ട വിചാരണയാണ് മരണത്തിലേക്ക് നയിച്ചതെന്ന കാര്യം കോടതി പരിഗണിച്ചു. ആക്രമണം തടയാതിരുന്ന ഉദ്യോഗസ്ഥർ നടപടി നേരിടണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സസ്‌പെൻഡ് ചെയ്ത മുൻ വിസി എംആർ ശശീന്ദ്രനാഥിന്റെ ഹർജി തള്ളിയാണ് ഹൈക്കോടതിയുടെ പരാമർശം.
കേസിൽ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. എറണാകുളം സി ജെ എം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനാണ് അതിവേഗ പ്രാഥമിക കുറ്റപത്രം നൽകിയത്.
അതേസമയം മുൻ വിസി എംആർ ശശീന്ദ്രനാഥിന്റെ സസ്‌പെൻഷൻ ഹൈക്കോടതി ശരി വച്ചിരുന്നു. സിദ്ധാർത്ഥിന്റെ മരണത്തിൽ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും ഇതിൽ നടപടി ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. വിസിയെ പുറത്താക്കാനുള്ള ഗവർണറുടെ അധികാരം ചോദ്യം ചെയ്ത്‌കൊണ്ടാണ് ശശീന്ദ്രനാഥ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ വിസിയെ സസ്‌പെൻഡ് ചെയ്യാനുള്ള അധികാരം ഗവർണർക്കുണ്ടെന്ന് വ്യക്തമാക്കി ഹൈക്കോടതി ഹർജി തള്ളുകയായിരുന്നു.