മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനായി അധിനിവേശക്കാരെ നേരിടുകയും അവരുടെ അതിക്രമങ്ങളെ എതിർക്കുകയും ചെയ്ത അസംഖ്യം ധീരരായ പുരുഷന്മാരും സ്ത്രീകളും രാജ്യത്തുണ്ട്. രാജ്യത്തിന്റെ സംരക്ഷണത്തിനും ആത്മാഭിമാനത്തിനും മതത്തിനും വേണ്ടി ജീവൻ ബലിയർപ്പിച്ചവർ. ചരിത്രത്തിലെ ഈ നായകന്മാരുടെ ജീവിതവുമായി ബന്ധപ്പെട്ട നിരവധി സിനിമകളും നിർമ്മിച്ചിട്ടുണ്ട്. ഇതിലൊന്നാണ് ഫെബ്രുവരി മാസത്തിൽ പുറത്തിറങ്ങിയ ഗുജറാത്തി ചിത്രമായ ‘കസുമ്പോ’ . ഗുജറാത്തി തീയറ്ററുകളിൽ വളരെയധികം കോളിളക്കം സൃഷ്ടിച്ച ചിത്രം ഹിന്ദിയിലും പ്രേക്ഷകർക്കായി ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഹിന്ദി ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
പതിമൂന്നാം നൂറ്റാണ്ടിന്റെ ചരിത്രവും അധിനിവേശക്കാരനായ അലാവുദ്ദീൻ ഖിൽജിയിൽ നിന്ന് തങ്ങളുടെ അഭിമാനവും, മതവും സംരക്ഷിക്കാൻ ജീവൻ ബലിയർപ്പിച്ച 51 ധീരരായ ഗുജറാത്തികളുടെ കഥ പറയുന്ന ചിത്രമാണ് ‘കസുമ്പോ’.
പെൻ സ്റ്റുഡിയോസിന്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മെയ് 3 ന് ചിത്രം, തിയേറ്ററുകളിൽ എത്തും. അലാവുദ്ദീൻ ഖിൽജി ഇന്ത്യ മുഴുവൻ കീഴടക്കി ഭരിക്കുക എന്ന അതിമോഹവുമായി മുന്നേറുന്ന കാലഘട്ടത്തിന്റെ കഥയാണ് വിജയഗിരി ബാവയുടെ സംവിധാനത്തിൽ നിർമിച്ച ‘കസുമ്പോ’ എന്ന ചിത്രം പറയുന്നത്. അക്കാലത്ത്, ഈ 51 ധീരരായ ഗ്രാമീണർ ഖിൽജിയുടെ അതിക്രമങ്ങളെ ധീരമായി നേരിടുക മാത്രമല്ല, വീരഗാഥ രചിക്കുകയും ചെയ്തു, അത് വരും കാലങ്ങളിൽ ഓർമ്മിക്കപ്പെടുമെന്നും ഈ ചിത്രം കാട്ടിത്തരുന്നു.
‘കസുമ്പോ’ എന്ന സിനിമയിൽ ആദിപൂർ നേതാവ് ദാദു ബറോട്ടിനെയും അദ്ദേഹത്തെ പിന്തുണച്ച 51 ഗ്രാമീണരെയും കാണിക്കുന്നു. സനാതന സംസ്കാരം സംരക്ഷിക്കാനും തന്റെ ഗ്രാമത്തിലെ ക്ഷേത്രങ്ങൾ സംരക്ഷിക്കാനും ഖിൽജിയുടെ സൈന്യത്തെ ധീരമായി നേരിട്ടവർ. ഗുജറാത്തിലെ ധീരരായ സനാതന യോദ്ധാക്കളുടെ പൈതൃകത്തെയും അനീതിക്കെതിരായ അവരുടെ ചരിത്രപരമായ പോരാട്ടത്തെയും ആദരിക്കാനാണ് ‘കസുമ്പോ’ എന്ന ചിത്രത്തിലൂടെ ഞങ്ങൾ ആഗ്രഹിക്കുന്നതെന്ന് സംവിധായകൻ വിജയഗിരി ബാവ പറയുന്നു
റൗണക് കാംദാർ, ധർമേന്ദ്ര ഗോഹിൽ, ശ്രദ്ധ ദംഗർ, ദർശൻ പാണ്ഡ്യ, മോണിക്ക ഗജ്ജർ, ഫിറോസ് ഇറാനി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.















