ചെന്നൈ: ഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കിടെ യുവാവിന് ദാരുണാന്ത്യം. പുതുച്ചേരി സ്വദേശിയായ ഹേമചന്ദ്രൻ എന്ന 26 കാരനാണ് ശസ്ത്രക്രിയക്കിടെയുണ്ടായ പിഴവ് മൂലം മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്‌ച്ചയാണ് സംഭവം.
150 കിലോയോളം ഭാരമുണ്ടായിരുന്ന ഹേമചന്ദ്രനെ ഭാരം കുറയ്‌ക്കുന്നതിനായുള്ള മെറ്റബോളിക്, ബാരിയാട്രിക് സർജറികൾക്കായി ചെന്നൈ, പമ്മലിലെ ബിപി ജെയിൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ശസ്ത്രക്രിയയ്‌ക്കിടെ യുവാവിന്റെ ഹൃദയമിടിപ്പ് താഴ്ന്നതോടെ ഇയാളെ ക്രോംപേട്ടിലെ മറ്റൊരു ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. എന്നാൽ മണിക്കൂറുകൾക്കകം തന്നെ യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
എന്നാൽ ആശുപത്രിയുടെ ഭാഗത്ത് നിന്ന് യാതൊരു പിഴവും സംഭവിച്ചിട്ടില്ലെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇതിനെതിരെ യുവാവിന്റെ മാതാപിതാക്കൾ ഉന്നതതലത്തിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ യുവാവിന്റെ മാതാപിതാക്കളെ വിളിച്ച് ആശ്വസിപ്പിക്കുകയും വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഉറപ്പുനൽകുകയായിരുന്നു.















