തിരുവനന്തപുരം: തലസ്ഥാനത്ത് നൂറ് ശതമാനം മാറ്റമുണ്ടാകുമെന്ന് നിർമ്മാതാവും ജനം ടിവി എക്‌സിക്യൂട്ടീവ് എഡിറ്ററുമായ സുരേഷ് കുമാർ. കേരളത്തിൽ താമര വിരിയുമെന്നും കേന്ദ്രത്തിൽ നരേന്ദ്രമോദിക്ക് എതിരാളിയായി മറ്റൊരു നേതാവുമില്ലെന്നും അദ്ദേഹം പറഞ്ഞു. തൈക്കോട് മോഡൽ എൽപിഎസിൽ കുടുംബത്തിനൊപ്പം വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
15 കൊല്ലം തിരുവനന്തപുരത്ത് ഒരാൾ എംപി ആയി ഇരുന്നിട്ട് ഒരു ചുക്കും ചെയ്തില്ല. ആ സ്ഥലത്തേക്ക് പുതിയ ഒരാൾ വന്ന് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് പറയുമ്പോൾ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. രാജീവ് ചന്ദ്രശേഖറും സുരേഷ് ഗോപിയും വിജയിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഗംഭീര സ്ഥാനാർത്ഥികളെയാണ് കേരളത്തിൽ ബിജെപി നിർത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിൽ നരേന്ദ്രമോദിക്ക് എതിരാളി ആരാണുള്ളത്. രാഹുൽ അല്ലാതെ അവർക്ക് മറ്റ് ഏത് നേതാവാണുള്ളത്. മൂന്നാം തവണയും നരേന്ദ്രമോദി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലേറും. പ്രധാനമന്ത്രി എന്തെങ്കിലും പറഞ്ഞാൽ അതിൽ വസ്തുതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തലസ്ഥാനത്ത് മാറ്റം അനിവാര്യമാണ്. ഇത്തവണ അതുണ്ടാകുമെന്നാണ് വിശ്വാസം. കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വരുമെന്നും തൃശൂരിൽ സുരേഷ് ഗോപി ജയിക്കുമെന്നും ഭാര്യയും നടിയുമായ മേനകാ സുരേഷും പ്രതികരിച്ചു.