തിരുവനന്തപുരം: അച്ഛനിൽ നല്ലൊരു രാഷ്‌ട്രീയക്കാരനുണ്ടെന്ന് കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ മകൾ അഹാന കൃഷ്ണകുമാർ. വളരെ ചുരുക്കം സമയം കൊണ്ടാണ് അച്ഛൻ കൊല്ലം മണ്ഡലത്തെ കുറിച്ച് പഠിച്ചതെന്നും മണ്ഡലത്തെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അച്ഛൻ മനസിലാക്കിയെന്നും അഹാന പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അഹാന.
വളരെ ആത്മാർത്ഥതയോടെയാണ് അച്ഛൻ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ചെയ്തത്. അച്ഛനോടൊപ്പം കഴിവുള്ള ധാരാളം പ്രവർത്തകരുണ്ടായിരുന്നു. രാഷ്‌ട്രീയം എന്താണെന്ന് മനസിലാക്കി വരുന്നതേയുള്ളൂ. കണ്ണിന് പരിക്കേറ്റ സമയത്തും മോശമായ രീതിയിൽ വാർത്തകൾ വന്നിരുന്നു. പക്ഷേ അത് ആരും കാര്യമാക്കിയില്ല. എത്രത്തോളം വേദനയാണ് അച്ഛൻ സഹിച്ചതെന്ന് ഞങ്ങൾക്കറിയാം. അല്ലെങ്കിലും ആരാന്റെ അമ്മയ്ക്ക് പ്രാന്താകുമ്പോൾ കാണാൻ നല്ല ഭംഗിയാണല്ലോ.
എല്ലാവരും വിജയിക്കാനാണ് മത്സരിക്കുന്നത്. അച്ഛൻ വളരെ നല്ലൊരു സ്ഥാനാർത്ഥിയായിരുന്നു. വളരെ ആത്മാർത്ഥമായി പ്രവർത്തിച്ചു. ബിജെപി കൂടുതൽ സീറ്റുകളിൽ വിജയിക്കും- അഹാന കൃഷ്ണകുമാർ പറഞ്ഞു.
രാവിലെ കുടുംബസമേതമാണ് കൃഷ്ണകുമാർ വോട്ട് രേഖപ്പെടുത്താനെത്തിയത്. കാഞ്ഞിരംപാറ എൽപി സ്‌കൂളിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. രാജ്യത്ത് ഇൻഡി മുന്നണിയും എൻഡിഎയും തമ്മിലുള്ള മത്സരമാണ് നടക്കുന്നതെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം കൃഷ്ണകുമാർ മാദ്ധ്യമങ്ങളോട് സംസാരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുൾപ്പെടെ കൃഷ്ണകുമാറിന് പിന്തുണയുമായി കുടുംബം രംഗത്തെത്തിയിരുന്നു.