അബുജ: ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളിൽ മഴയും മിന്നൽ പ്രളയവും തുടരവേ, നൈജീരിയയിൽ പേമാരിയിൽ ജയിൽ തകർന്ന് നൂറിലധികം തടവുകാർ രക്ഷപെട്ടു. നൈജീരിയയിലെ തലസ്ഥാന നഗരമായ അബുജയ്‌ക്ക് സമീപമുള്ള ജയിലിൽ നിന്ന് നൂറിലധികം തടവുകാർ രക്ഷപ്പെട്ടതായി ജയിൽ അധികൃതർ അറിയിച്ചു. സുലേജ പട്ടണത്തിലെ ഇടത്തരം സുരക്ഷാ ജയിലിന്റെ ചുറ്റു മതിൽ കനത്ത മഴയെത്തുടർന്ന് തകർന്ന് വീഴുകയായിരുന്നു.
ബുധനാഴ്ച രാത്രി മണിക്കൂറുകളോളം നീണ്ടുനിന്ന മഴയിൽ നൈജർ സ്റ്റേറ്റിലെ പലയിടങ്ങളിലും നാശനഷ്ടമുണ്ടായി. ആകെ 118 തടവുകാർ രക്ഷപെടുകയും അതിൽ പത്ത് പേരെ പിന്നീട് തിരികെ പിടികൂടുകയും ചെയ്തു. ബാക്കിയുള്ളവരെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
രക്ഷപെട്ട തടവുകാരെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിച്ചാലോ സംശയാസ്പദമായ എന്തെങ്കിലും നീക്കങ്ങൾ കണ്ടാലോ അടുത്തുള്ള സെക്യൂരിറ്റി ഏജൻസിയെ അറിയിക്കാൻ പൊതുജനങ്ങളോട് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
രക്ഷപ്പെട്ടത് ഏതൊക്കെ വിഭാഗം തടവുകാരാണ് എന്നതിനെക്കുറിച്ച് വിശദാംശങ്ങളൊന്നും അധികൃതർ നൽകിയില്ല. എന്നാൽ മുമ്പ് ബോക്കോ ഹറാം സായുധ സംഘത്തിലെ അംഗങ്ങളെ സുലേജ ജയിലിൽ അടച്ചിട്ടുണ്ട്.
സുലേജ പട്ടണത്തെയും അയൽ സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന വിശാലമായ വനങ്ങളിലേക്ക് ഈ കുറ്റവാളികൾ രക്ഷപെട്ടിട്ടുണ്ടാകും എന്നാണ് സൂചന. ഈ പ്രദേശം ക്രിമിനൽ സംഘങ്ങളുടെ ഒളിത്താവളങ്ങളാണ്.
ഒട്ടേറെ പ്രമാദമായ ജയിൽ ചട്ടങ്ങൾക്കും ജയിൽ കലാപങ്ങൾക്കും പേരുകേട്ട രാജ്യമായ നൈജീരിയയിലെ മിക്ക ജയിലുകളും 1960-ൽ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യം ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടുന്നതിന് മുമ്പ് കൊളോണിയൽ കാലഘട്ടത്തിൽ നിർമ്മിച്ചവയാണ്.ദുർബലമായ അടിസ്ഥാന സൗകര്യങ്ങളും തീവ്രവാദ ആക്രമണങ്ങളും കാരണം സമീപ വർഷങ്ങളിൽ ആയിരക്കണക്കിന് തടവുകാർ രക്ഷപ്പെട്ടിട്ടുണ്ട്, 2022 ജൂലൈയിൽ തലസ്ഥാനമായ അബുജയിലെ ഉയർന്ന സുരക്ഷാ ജയിലിൽ ഐസിസ് (ISIL) ആക്രമണം നടത്തി 440 തടവുകാരെ മോചിപ്പിച്ച സംഭവം ഏറെ കോളിളക്കം ഉണ്ടാക്കിയിരുന്നു.















