സന: ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണവുമായി യെമനിലെ ഹൂതി വിമതർ. ബ്രിട്ടന്റെ ഉടമസ്ഥതയിലുള്ള എണ്ണക്കപ്പലാണ് ഹൂതി വിമതർ ഇക്കൂറി ആക്രമിച്ചത്. ഇതിന് പുറമെ ഒരു യുഎസ് ഡ്രോൺ വെടിവച്ചിട്ടതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹൂതി സൈനിക വക്താവ് യഹിയ സാരിയാണ് മാദ്ധ്യമങ്ങൾ വഴി ഈ വിവരം പുറത്ത് വിട്ടത്.
ചെങ്കടൽ വഴി കടന്നു പോവുകയായിരുന്ന ബ്രിട്ടീഷ് എണ്ണക്കപ്പലായ ‘ആൻഡ്രോമിഡ സറ്റാർ’ മിസൈലുകൾ ഉപയോഗിച്ച് ആക്രമിച്ചതിന്റെ ഉത്തരവാദിത്വം തങ്ങൾ ഏറ്റെടുക്കുകയാണെന്നാണ് യഹിയ അറിയിച്ചത്. യുഎസ് സെൻട്രൽ കമാൻഡിന്റെ റിപ്പോർട്ടുകൾ പ്രകാരം കപ്പലിന് ചെറിയ കേടുപാടുകൾ സംഭവിച്ചെങ്കിലും, മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലാതെ തടസ്സമില്ലാതെ യാത്ര തുടരുകയാണെന്നുമാണ് വിവരം.
കപ്പൽ ആക്രമിച്ചതിന് പുറമെയാണ് യുഎസ് മിലിട്ടറിയുടെ എംക്യു-9 എന്ന ഡ്രോണും ഹൂതി വിമതർ തകർത്തത്. ഹൂതി ആക്രമണങ്ങളെ ചെറുക്കാനായി പ്രദേശത്ത് വിന്യസിച്ചിട്ടുള്ള നാവികസേനാ സഖ്യം സുരക്ഷിതരായി തുടരുന്നുണ്ട്. ഡ്രോൺ തകർന്ന വിഷയത്തിൽ യുഎസ് സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. ചെങ്കടലിൽ ഹൂതികൾ ആക്രമണം ആരംഭിച്ചതിന് സേഷം ഇത് മൂന്നാം തവണയാണ് യുഎസ് ഡ്രോൺ വെടിവച്ചിടുന്നത്. കഴിഞ്ഞ നവംബർ, ഫെബ്രുവരി മാസങ്ങളിലും സമാനമായ രീതിയിൽ യുഎസ് ഡ്രോണുകൾ വെടിവച്ച് വീഴ്‌ത്തിയിരുന്നു.
ഇസ്രായേൽ ഹമാസ് സംഘർഷത്തിൽ ഇസ്രായേലിന് പിന്തുണ അറിയിച്ചാണ് ഹൂതികൾ ചെങ്കടലിൽ ആക്രമണം നടത്തുന്നത്. ഇസ്രായേൽ ആക്രമണം അവസാനിപ്പിച്ചാൽ തങ്ങളും മേഖലയിൽ നിന്ന് പിന്മാറുമെന്നാണ് ഹൂതികളുടെ വാദം. ചെങ്കടലിലെ ആക്രമണങ്ങൾ ആഗോള വ്യാപാര ശൃംഖലയെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകൾക്ക് പുറമെ, അമേരിക്കയുടേയും ബ്രിട്ടന്റേയും കപ്പലുകൾക്ക് നേരെയും ഹൂതികൾ ആക്രമണം അഴിച്ച് വിടുന്നുണ്ട്.















