തിരുവനന്തപുരം: കേരളം വെന്തുരുകുന്നു. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചു. സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി വരെ താപനില ഉയരാം. പാലക്കാട് 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്തും തൃശൂരും 40 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാം.
ഈ സമയം സൂര്യാഘാതവും സൂര്യാതപവുമേൽക്കാൻ സാധ്യതയേറെയാണ്. പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം. സംസ്ഥാനത്ത് ഒരാഴ്ച കൂടി കൊടും ചൂട് തുടരാൻ സാധ്യതെയന്നാണ് മുന്നറിയിപ്പ്. അടുത്തയാഴ്ച അവസാനത്തോടെ ചൂടിന് നേരിയ ശമനമുണ്ടാകുമെന്നും പ്രവചിക്കുന്നു.
വെള്ളിയാഴ്ച മുതൽ പാലക്കാട് ഉഷ്ണതരംഗം തുടരുകയാണ്. ഭൂമധ്യരേഖയിൽ നിന്ന് ഉത്തരായന രേഖയിലേക്കുള്ള സഞ്ചാരപാതയിലാണ് സൂര്യൻ. ഈ ദിവസങ്ങളിലെ സൂര്യന്റെ സ്ഥാനവും വേനൽ മഴയിലെ വലിയ കുറവുമാണ് നിലവിലെ ചൂടിന് കാരണമെന്നാണ് നിഗമനം. ശരാശരിയേക്കാൾ 62 ശതമാനം കുറവാണ് വേനൽമഴയിൽ ഉണ്ടായിട്ടുള്ളത്. കോട്ടയം ഒഴികെ മറ്റെല്ലാ ജില്ലകളിലും മഴക്കുറവുണ്ട്. ഊട്ടിയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്.
മേയ് പകുതിയോടെ കാലവർഷത്തിന് മുന്നോടിയായുള്ള മഴയും പ്രതീക്ഷീക്കാം. എൽ നിനോ അവസാനിച്ച് ലാ നിന പ്രതിഭാസം എത്തുന്നതോടെ ഇത്തവണ അതിവർഷവും പ്രവചിക്കുന്നുണ്ട്.