ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ എഡിറ്റ് ചെയ്ത വ്യാജ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ കേസെടുത്ത് ഡൽഹി പൊലീസ്. ആഭ്യന്തര മന്ത്രാലയത്തിന്റെ പരാതിയെ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഐപിസിയിലെ വിവിധ വകുപ്പുകൾക്കും ഐടി നിയമത്തിലെ പ്രസക്തമായ വകുപ്പുകൾക്കും കീഴിലാണ് ഡൽഹി പൊലീസിന്റെ സ്‌പെഷ്യൽ സെൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പട്ടികജാതി (എസ്‌സി), പട്ടികവർഗ (എസ്‌ടി), മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി) എന്നിവർക്കുള്ള സംവരണം ബിജെപി റദ്ദാക്കുമെന്ന് അമിത് ഷാ പറയുന്ന തരത്തിലുള്ള വ്യാജ വീഡിയോകളാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഒരു പ്രത്യേക മതവിഭാഗത്തിന് വേണ്ടിയുള്ള സംവരണം റദ്ദാക്കി ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന അമിത് ഷായുടെ പ്രസ്താവന എഡിറ്റ് ചെയ്താണ് നിലവിൽ പ്രചരിക്കുന്ന വീഡിയോകൾ ഉണ്ടാക്കിയത്.
സമൂഹത്തിലെ സമാധാനാന്തരീക്ഷം തകർക്കാനും ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാനും മത വിഭാഗങ്ങൾക്കിടയിൽ അസ്വാരസ്യങ്ങളുണ്ടാക്കാനും ലക്ഷ്യം വച്ചുള്ളതാണ് ഇത്തരം പ്രവർത്തികളെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പരാതിയിൽ പറയുന്നു. വീഡിയോകൾ പ്രചരിപ്പിച്ചിരിക്കുന്ന സോഷ്യൽ മീഡിയ ലിങ്കുകളും പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായും ഉടൻ പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നടപടിയുണ്ടാകുമെന്നും ഡൽഹി സൈബർ പൊലീസ് അറിയിച്ചു.















