വയനാട്: നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ പ്രതി അർജുന് വധശിക്ഷ. പത്മാലയത്തിൽ കേശവൻ, ഭാര്യ പത്മാവതി എന്നിവരെ മോഷണ ശ്രമത്തിനിടെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലാണ് കോടതി വിധി. ജഡ്ജി എസ്.കെ അനിൽകുമാറാണ് ശിക്ഷ വിധിച്ചത്.
കഴിഞ്ഞ ദിവസമാണ് കൊലപാതകത്തിൽ അർജുൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. തുടർന്ന് കേസ് വീണ്ടും പരിഗണിച്ച ശേഷം ശിക്ഷ വിധിക്കുകയായിരുന്നു. വീട്ടിൽ അതിക്രമിച്ച് കയറിയതിൽ 10 വർഷം തടവും 1 ലക്ഷം രൂപ പിഴയും, തെളിവ് നശിപ്പിച്ചതിൽ 7 വർഷം തടവും 1 ലക്ഷം രൂപ പിഴയും, കൊലപാതകത്തിൽ വധശിക്ഷയുമാണ് കോടതി വിധിച്ചത്.
2021 ജൂൺ 10-നാണ് അർജുൻ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയത്. മോഷണശ്രമം തടയാൻ ശ്രമിച്ച ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവ ശേഷം ഇയാൾ ഒളിവിൽ പോയെങ്കിലും പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ പിടിയിലാവുകയായിരുന്നു















