ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള മൈക്രോ ബ്ലോഗിങ് സൈറ്റായ എക്സ് (ട്വിറ്റർ) ഉപയോഗിക്കുന്നതിൽ പലർക്കും തടസം നേരിട്ടതായി റിപ്പോർട്ട്. ട്വീറ്റ് ചെയ്യുന്നതിനും ട്വീറ്റുകൾ തുറന്നുകാണുന്നതിനും ഉള്ളടക്കം ലോഡാവുന്നതിനും തടസം നേരിടുന്നുവെന്നാണ് പരാതി.
ഡൽഹി, ജയ്പൂർ, പട്ന, നാഗ്പൂർ, കൊൽക്കത്ത, അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, ചെന്നൈ എന്നീ നഗരങ്ങളിലെ എക്സ് ഉപഭോക്താക്കൾക്ക് പ്രശ്നം നേരിട്ടിരുന്നു. ഉച്ചയ്‌ക്ക് 1.12 ഓടെയാണ് എക്സിൽ സാങ്കേതിക പ്രശ്നങ്ങൾ ആരംഭിച്ചത്. ഇന്ത്യയിലാകമാനം 429 കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആഗോളതലത്തിൽ 3,700ഓളം കേസുകളും റിപ്പോർട്ട് ചെയ്തു.
“something went wrong. Try reloading” എന്ന സന്ദേശമാണ് പലർക്കും ലഭിച്ചതെന്നാണ് വിവരം. വെബ്സൈറ്റിനും ആപ്ലിക്കേഷനും തകരാർ സംഭവിച്ചതായി എക്സ് അധികൃതർ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ തടസം നേരിട്ടതിന്റെ കാരണം അജ്ഞാതമാണ്. ഒരാഴ്ചയ്‌ക്കിടെ രണ്ടാം തവണയാണ് ഇത്തരത്തിൽ ഉപഭോക്താക്കൾക്ക് തടസം നേരിടുന്നത്.