ഊട്ടി-കൊടൈക്കനാൽ യാത്രക്കൊരുങ്ങുന്നവർക്ക് വൻ തിരിച്ചടി. യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി. മേയ് 7 മുതൽ ജൂൺ 30 വരെ ഇ-പാസ് ഇല്ലാത്തവർക്ക് യാത്രകൾക്ക് അനുമതിയുണ്ടാകില്ല. പാരിസ്ഥിതിക പ്രശ്നങ്ങളുടെ പേരിലാണ് നടപടി.വാഹനത്തിന്റെ നമ്പരും മോഡലും വിനോദ സഞ്ചാരികളുടെ എണ്ണം എന്നീ വിവരങ്ങൾ ജില്ലാ ഭരണകൂടങ്ങളെ അറിയിക്കുന്നതിന് വേണ്ടിയാണ് ഇ-പാസ് നിർബന്ധമാക്കുന്നത്. നീലഗിരി, ദിണ്ടിഗൽ കളക്ടറേറ്റുകൾ കൊവിഡ് കാലത്ത് നടപ്പാക്കിയതിന് സമാനമായി ഇ-പാസ് സംവിധാനം നടപ്പാക്കണമെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ എൻ. സതീഷ്കുമാർ,ഭരത ചക്രവർത്തി എന്നിവരടങ്ങുന്ന പ്രത്യേക ഡിവിഷൻ ബെഞ്ചാണ് തിങ്കളാഴ്ച ഉത്തരവിട്ടത്. നീലഗിരി, ദിണ്ടിഗൽ കളകടറേറ്റുകൾ ഇ-പാസ് നൽകുന്നതിൽ പരിധി നിശ്ചയിച്ചിട്ടില്ലെന്നും എന്നാൽ താമസക്കാർ ഇ-പാസ് ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. ഐടി വകുപ്പിനെ സഹായിക്കാൻ രണ്ടു കളക്ടർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകർക്ക് ടോൾ ചാർജും ഓൺലൈനായി അടയ്‌ക്കാനാകും. ഇതുവഴി ചെക്ക് പോസ്റ്റുകളിൽ തിരക്ക് കുറയ്‌ക്കാനും സാധിക്കും.
സീസണിൽ പ്രതിദിനം 2,000 മുതൽ 20,000 വരെ വിനോദ സഞ്ചാരികൾ എത്തുന്നതിനാൽ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകുമെന്ന് ദിണ്ടിഗൽ,നീലഗിരി കളക്ടർമാർ കോടതിയെ അറിയിച്ചിരുന്നു. വാഹനങ്ങൾ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.