തിരുവനന്തപുരം: സംസ്ഥാനത്ത് 27 ആർഡിഒമാർക്ക് പുറമേ 78 ഡെപ്യൂട്ടി കളക്ടർമാർക്ക് കൂടി ഭൂമി തരംമാറ്റ അപേക്ഷകൾ പരിഗണിക്കാൻ അധികാരം. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ ഇതുമായി ബന്ധപ്പെട്ട ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പുവെച്ചതോടെയാണ് ഭൂമി തരംമാറ്റ അപേക്ഷകൾ പരിഗണിക്കാനുളള അധികാരം ഡെപ്യൂട്ടി കളക്ടർമാർക്ക് കൂടി ലഭിക്കുക.
78 താലൂക്കുകളിലെ ഓരോ ഡപ്യൂട്ടി കളക്ടർമാർക്ക് കൂടിയാണ് ഇതിനുളള അധികാരം ലഭിക്കുക. ഇതോടെ ഏറെ കാലതാമസം നേരിട്ടിരുന്ന ഭൂമി തരംമാറ്റ അപേക്ഷകളിൽ ഇനി വേഗത്തിൽ തീർപ്പാകുമെന്ന പ്രതീക്ഷയിലാണ് അപേക്ഷകർ. സെപ്റ്റംബറിലാണ് നിയമസഭ ഇത് സംബന്ധിച്ച ബിൽ പാസാക്കിയത്.
പ്രതിദിനം 500 അപേക്ഷകൾ വരെയാണ് ഓൺലൈൻ മുഖേന അധികൃതർക്ക് മുന്നിൽ എത്തുന്നത്. എന്നാൽ ഈ അപേക്ഷകൾ വിശദമായി പരിശോധിക്കേണ്ടതിനാൽ വലിയ കാലതാമസം നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് താലൂക്കുകളിൽ ഡെപ്യൂട്ടി കളക്ടർമാർക്ക് കൂടി ഇതിന് അധികാരം നൽകിയത്.















