മനുഷ്യനെ മാത്രമല്ല മൃഗങ്ങളെയും കൊടുചൂട് വലയ്‌ക്കുന്നു. ഉഷ്ണതരംഗം തുടരുന്ന പാലക്കാട് ജില്ലയിൽ ഒരാഴ്ചയ്‌ക്കിടെ സൂര്യാഘാതം കാരണം 31 കാലികളാണ് ചത്തത്. ക്ഷീരവികസന വകുപ്പിൽ റിപ്പോർട്ട് ചെയ്ത് കണക്കുകൾ മാത്രമാണിത്.
പാൽ ഉത്പാദനത്തിലും വൻ ഇടിവാണ് രേഖപ്പെടുത്തിയത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ പത്ത് ശതമാനത്തോളം കുറവാണ് ഉണ്ടായിരിക്കുന്നത്. മിൽമയുടെ പ്രതിദിന പാൽ സംഭരണത്തിൽ 6.50 ലക്ഷം ലിറ്ററിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏപ്രിലിൽ 12 ശതമാനം വരെ കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ചൂട് കൂടുന്നതും പച്ചപ്പുല്ല് കുറയുകയും ചെയ്തതാണ് പാൽ കുറയാൻ കാരണം.
ചത്തതിൽ ഭൂരിഭാഗവും കറവപ്പശുക്കളാണ്. പലയിടത്തും കന്നുകാലികൾക്ക് വിവിധ രോഗങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. പശുക്കളെ ഇൻഷുറൻസ് ചെയ്തിട്ടുണ്ടെങ്കിലും സൂര്യാഘാത മരണം നഷ്ടപരിഹാരത്തിന്റെ പരിധിയിൽ വരുമോയെന്ന കാര്യത്തിലും ആശങ്കയുണ്ട്.
ചൂടേറ്റ് കന്നുകാലികൾക്ക് സൂര്യാഘാതമേറ്റാൽ തണുത്ത വെള്ളം തുണിയിൽ മുക്കി ശരീരം നന്നായി തുടയ്‌ക്കണമെന്നുൂം ധാരാളം വെള്ളം നൽകണമെന്നും മൃഗസംരക്ഷണ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. തളർച്ച, ഭക്ഷണം കഴിക്കാത്ത അവസ്ഥ, പനി, വായിൽ നിന്നും നുരയും പതയും വരിക,വായ തുറന്ന ശ്വസനം, പൊള്ളിയ പാടുകൾ എന്നിവയും സൂര്യഘാതമേൽക്കുന്നതിന്റെ ലക്ഷണങ്ങളാണ്. ഇവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വിദഗ്ധ ചികിത്സ തേടണെമെന്നും കർഷകർക്ക് നിർദ്ദേശമുണ്ട്.
സൂര്യാഘാതം ഏറ്റവും കൂടുതൽ സംഭവിക്കാൻ സാധ്യതയുള്ള സമയമാണ് രാവിലെ 11 മുതൽ നാല് മണി വരെ. ഈ സമയത്ത് തുറസ്സായ സ്ഥലത്ത് മേയാൻ വിടുന്നത് ഒഴിവാക്കാനും നിർദ്ദേശമുണ്ട്. കറവ പശുക്കൾക്ക് ദിവസവും 80 മുതൽ 100 ലിറ്റർ വരെ വെള്ളം നൽകണം. കാലിത്തീറ്റ രാവിലെയും വൈകുന്നേരവും വൈക്കോൽ രാത്രിയിലുമായി പരിമിതപ്പെടുത്തുക. തൊഴുത്തിൽ വായുസഞ്ചാരവും ഉറപ്പാക്കണം.