ന്യൂഡൽഹി: ഭീമൻ കുഴികൾക്ക് സ്വയം പരിഹാരം കാണുന്ന റോഡ് അവതരിപ്പിക്കാൻ ഒരുങ്ങി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI). റോഡ് നിർമാണത്തിൽ വിപ്ലവം സൃഷ്ടിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ NHAI ആരംഭിച്ചു. സെൽഫ്-ഹീലിംഗ് അസ്ഫാൾട്ട് സാങ്കേതിവിദ്യയുടെ ഉപയോഗമാണ് അതോറിറ്റി ഉദ്ദേശിക്കുന്നത്. ഇത് സംബന്ധിച്ച് വിശദമായ പഠനങ്ങൾ ആരംഭിച്ചു.
ചരലും മണലും ബിറ്റുമിനും ചേർന്ന മിശ്രിതമാണ് അസ്ഫാൾട്ട് എന്നറിയപ്പെടുന്നത്. ഇതാണ് റോഡ് നിർമ്മാണത്തിന്റെ നട്ടെല്ല്. സാധാരണയായി റോഡ് നിർമാണത്തിന് ഉപയോഗിക്കുന്ന ബിറ്റുമിനിൽ കാലക്രമേണ വിള്ളലുകൾ രൂപപ്പെട്ടാണ് വൻ കുഴികൾ രൂപപ്പെടുന്നത്. നൂതനമായ സെൽഫ്-ഹീലിംഗ് സാങ്കേതികവിദ്യയിലൂടെ ബിറ്റുമിനിൽ ഇരുമ്പ് നാരുകൾ കൂടി ചേർക്കുന്നു. ഇതിന് ശേഷം ഇൻഡക്ഷൻ ഹീറ്റിംഗിലൂടെ അസ്ഫാൾട്ട് മിശ്രിതത്തിന്റെ ശക്തി വർദ്ധിക്കുന്നു. ഇതോടെ വിള്ളലുകൾ വീഴാനുള്ള സാധ്യത ഇല്ലാതാവുന്നു.
ഇന്ത്യയിലെ വാഹനാപകടങ്ങൾക്കും മരണങ്ങൾക്കും പ്രധാന കാരണം റോഡിലെ കുഴികളാണ്. റോഡിന്റെ ഈട് വർദ്ധിപ്പിക്കുന്നതിനും കുഴികൾക്ക് പരിഹാരം കാണുന്നതിനുമുള്ള പുതിയ സാങ്കേതിക വിദ്യകൾ പ്രായോഗിക ഘട്ടത്തിലാണെന്ന് മുതിർന്ന NHAI ഉദ്യോഗസ്ഥൻ പറഞ്ഞു.
ഗതാഗത മന്ത്രാലയം 2024-25 സാമ്പത്തിക വർഷത്തിൽ റോഡ് അറ്റകുറ്റപ്പണികൾക്കായി 2,600 കോടി രൂപ അനുവദിച്ചിട്ടുള്ളത്. 2022-23ൽ ഇത് 2,573.66 കോടി രൂപയായിരുന്നു. പുതിയ സാങ്കേതിക വിദ്യ പ്രാവർത്തികമാകുന്നതോടെ അറ്റകുറ്റപ്പണിക്കായി മാറ്റിവെക്കുന്ന തുകയിൽ കുറവ് വരുത്താൻ മന്ത്രാലയത്തിന് സാധിക്കും.