പ്രതിരോധ മേഖലയിൽ വീണ്ടും വിജയക്കുതിപ്പുമായി ഡിആർഡിഒ. സൂപ്പർ സോണിക് മിസൈൽ ഘടിപ്പിച്ച ടോർപ്പിഡോ (Supersonic Missile Assisted Release of Torpedo -SMART) ഒഡിഷാ തീരത്തെ അബ്ദുൾ കലാം ദ്വീപിൽ നിന്നും പരീക്ഷണ വിക്ഷേപണം നടത്തി. അന്തർവാഹിനികൾക്കെതിരെ തൊടുത്തുവിടാൻ ഡിആർഡിഒ രൂപകൽപന ചെയ്ത് വികസിപ്പിച്ച മിസൈൽ അധിഷ്ഠിത ലൈറ്റ്-വെയ്റ്റ് ടോർപ്പിഡോ ഡെലിവറി സംവിധാനമാണിത്. പരീക്ഷണ വിക്ഷേപണം വിജയകരമാണെന്ന് ഡിആർഡിഒ അറിയിച്ചു.
സിലിണ്ടർ രൂപത്തിലുള്ള മിസൈൽ സംവിധാനമാണ് ടോർപ്പിഡോ. ഇത് അന്തർവാഹിനികളെ പ്രതിരോധിക്കാനും തകർക്കാനും സഹായിക്കും. ഭാരതീയ നാവികസേനയ്‌ക്ക് ശക്തിപകരാൻ സ്മാർട്ട് വലിയൊരു മുതൽക്കൂട്ടാകുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പ്രതികരിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയടക്കമുള്ള രാജ്യങ്ങൾ നിരവധി അന്തർവാഹിനികളെ വിന്യസിക്കുന്ന സാഹചര്യത്തിലാണ് ഭാരതത്തിന്റെ ഡിആർഡിഒ ഇത് വികസിപ്പിച്ചത്.
643 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ കെൽപ്പുള്ള ദീർഘദൂര മിസൈലിൽ ഘടിപ്പിച്ചാണ് ടോർപ്പിഡോ വിക്ഷേപിക്കുക. 50 കിലോ ഭാരം വരുന്ന മാരകസ്ഫോടക വസ്തുക്കളെ വഹിക്കാനുള്ള ശേഷിയും സ്മാർട്ടിനുണ്ടാകും. ലൈറ്റ്-വെയ്റ്റ് ടോർപ്പിഡോയാണ് ഇതിൽ ഘടിപ്പിക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് ദീർഘദൂരം താണ്ടാനാകുമെന്നതാണ് സ്മാർട്ടിന്റെ പ്രത്യേകത. അഡ്വാൻസ്ഡ് സെൻസർ സംവിധാനമുള്ളതിനാൽ ശത്രുവിനെ കൃത്യമായി കണ്ടെത്തി നാമവശേഷമാക്കാൻ സ്മാർട്ടിന് സാധിക്കും.