റിയാദ്: സൗദിയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനം ഉടൻ. ദയാധനമായ 34 കോടി രൂപ സ്വീകരിക്കാനും മാപ്പ് നൽകാനും തയ്യാറാണെന്ന് മരിച്ച കുട്ടിയുടെ കുടുംബം റിയാദ് കോടതിയെ അറിയിച്ചു. കുടുംബത്തിന് നൽകാനുള്ള പണം സ്വരൂപിച്ചതായി നേരത്തെ റഹീമിന്റെ അഭിഭാഷകൻ കോടതിയെ അറിയിക്കുകയും മാപ്പു നൽകാനുള്ള അപേക്ഷ നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദയാധനം സ്വീകരിച്ച് റഹീമിന് മാപ്പ് നൽകാൻ തയ്യാറാണെന്ന് കുടുംബം കോടതിയെ അറിയിച്ചത്.
മരിച്ച കുട്ടിയുടെ കുടുംബത്തിന് തുക കൈമാറുന്നതുമായി ബന്ധപ്പെട്ട് സൗദിയിലെ ഇന്ത്യൻ എംബസി വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിനാണ് മോചനത്തിനായി സ്വരൂപിച്ച പണം കൈമാറേണ്ടത്. പിന്നീട് ഇന്ത്യൻ എംബസി വഴിയായിരിക്കും റിയാദ് കോടതി പറയുന്ന അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കുക.
2006 ലാണ് അബ്ദുൾ റഹീമിനെ സൗദി ജയിലിൽ അടക്കുന്നത്. ജോലി ചെയ്തിരുന്ന വീട്ടിലെ കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത കുഞ്ഞുമായി യാത്ര ചെയ്യുന്നതിനിടെ ജീവൻരക്ഷാ ഉപകരണം നിലച്ച് കുട്ടി മരിച്ചിരുന്നു. ഈ സംഭവത്തിൽ വധശിക്ഷയ്‌ക്ക് വിധേയനായി പതിനെട്ട് വർഷമായി സൗദിയിലെ ജയിലിൽ കഴിയുകയാണ് റഹീം.