മഹാരാഷ്‌ട്രയുടെ ‘പഞ്ചസാരപ്പാത്രം’
ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം പടിവാതിക്കലെത്തി നിൽക്കുകയാണ്. ഇന്ത്യൻ രാഷ്‌ട്രീയത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട മണ്ഡലങ്ങളിലൊന്നാണ് മഹാരാഷ്‌ട്രയിലെ ബാരാമതി ലോക്സഭ മണ്ഡലം. ദേശീയ തലത്തിൽ വരെ ചർച്ച ചെയ്യപ്പെട്ട മണ്ഡലത്തിന് പുറമേ നിക്ഷേപകരുടെയും വ്യവസായികളുടെയും ആകർഷക കേന്ദ്രം കൂടിയാണ് മഹാരാഷ്‌ട്രയുടെ ‘പഞ്ചസാരപ്പാത്രം’ എന്നറിയപ്പെടുന്ന ബാരാമതി.
\പൂനെ ജില്ലയുടെ ഭാഗവും, മഹാരാഷ്‌ട്രയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മണ്ഡലവുമാണ് ബാരാമതി. കാർഷിക വിളകളുടെ കേന്ദ്രമായതിനാൽ തന്നെ കർഷക വോട്ടർനാരാണ് ഇവിടുത്തെ ശക്തി. പ്രധാനമായും പഞ്ചസാര, ഗോതമ്പ്, മുന്തിരിയുമൊക്കെയാണ് ഇവിടത്തെ കൃഷി. മധ്യ യൂറോപ്പിലെ പല രാജ്യങ്ങളിലേക്കും ഇവ കയറ്റുമതി ചെയ്യുന്നുണ്ട്.
പവാറിന്റെ സാമ്രജ്യം
കാർഷിക ഭൂപടത്തിൽ മാത്രമല്ല രാഷ്‌ട്രീയ ഭൂപടത്തിലും ബാരാമതി ഒഴിച്ചുകൂടാനാകാത്ത സ്ഥാനം വഹിക്കുന്നു. 1999-ൽ പാർട്ടി രൂപീകരിച്ചത് മുതൽ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ (എൻസിപി) കോട്ടയാണ്. രൂപീകരിച്ച അതേ വർഷം തന്നെ ശരത് പവാർ എൻസിപി ടിക്കറ്റിൽ വിജയിച്ചു. 2004-ലും അദ്ദേഹം വിജയം ആവർത്തിച്ചു. അടുത്ത തെരഞ്ഞെടുപ്പിൽ മകൾ സുപ്രിയ സുലെയെ തട്ടകത്തിലിറക്കിയാണ് എൻസിപി വിജയം കണ്ടെത്തിയത്. 2014-ലും വിജയം ആവർത്തിച്ചു. എന്നാൽ വോട്ട് വിഹിതത്തിന്റെ ഗ്രാഫ് നന്നേ കുറഞ്ഞു. ഏറെ സ്വാധീനമുള്ള ബാരാമതി എൻസിപിയെ കൈവിടുന്നുവെന്ന സൂചനയാണ് വോട്ട് വിഹിതത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.
കോൺഗ്രസിന്റെ മുതിർന്ന നേതാവും പാർട്ടിയിലെ അവിഭാജ്യഘടകവുമായിരുന്നു ഒരു കാലത്ത് ശരത് പവാർ. പാർട്ടിയിലെ പൊട്ടിത്തെറിയും കലഹവുമാണ് കോൺഗ്രസ് വിട്ട് എൻസിപി രൂപീകരിക്കാൻ ശരത് പവാറിനെ പ്രേരിപ്പിച്ചത്. പൂനെയിലെ വിദർഭ-സത്താര മേഖലകളിൽ ശരത് പവാറിന്റെ സ്വാധീനം വളരെ വലുതായിരുന്നു.
പവാറിന്റെ പവറായിരുന്ന അജിത് പവാർ
സ്വാധീന വലയം തീർക്കാൻ ചുക്കാൻ പിടിച്ചതാകട്ടെ ശരത് പവാറിന്റെ അനന്തരവൻ അജിത് പവാറും. അദ്ദേഹത്തിന്റെ മികവും പ്രഭാവവും ശതര് പവാറിന് രാഷ്‌ട്രീയ ഭൂമിയിൽ ഊർജ്ജമേകി. ‘പവാറിന്റെ പവറാണ് അജിത് പവാർ’ എന്നാണ് മറാഠ മാദ്ധ്യമങ്ങൾ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം പാർട്ടിയുടെ ആണിക്കല്ലായ അജിത്, എൻസിപി വിട്ടതോടെ ശരത് പവാറിന്റെ പ്രതാപം ഇല്ലാതായി.
83-കാരനായ ശരത് പവാറിനെ കൈവിട്ട പുതുതലമുറ ‘അജിത് ദാദ’യ്‌ക്കു ചുറ്റുമാണ്. അതുകൊണ്ട് തന്നെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ട്വിസ്റ്റുകൾ നിറഞ്ഞതാണ്. മകൾ സുപ്രിയ സുലെ കളത്തിലിറക്കിയാണ് ശരത് പവാർ തെരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കിൽ ഭാര്യ സുനേത്രയെയാണ് അജിത് പവാർ അങ്കത്തട്ടിലിറക്കുന്നത്. പവാർ-പവാർ പോരാട്ടത്തിനാണ് ഇത്തവണ ബാരാമതി സാക്ഷ്യം വഹിക്കുക.
സുനേത്രയുടെ കന്നി അങ്കം
സുനേത്രയുടെ കന്നി മാമാങ്കമാണെങ്കിലും മണ്ഡലത്തിലെ നിറ സാന്നിധ്യമാണ് അവർ. സുപ്രിയ സുലെ എംപിയായി ബാരാമതിയിൽ തിളങ്ങിയപ്പോൾ സർവത്ര പിന്തുണയുമേകി പ്രതിനിധിയായി നിന്നത് സുനേത്രയായിരുന്നു. ബാരാമതി നിയമസഭ മണ്ഡലത്തിലെ എംഎൽഎയായ അജിത് പവാറിന്റെ പ്രതിനിധിയായും രാഷ്‌ട്രീയത്തിൽ കാലുറപ്പിച്ച് സ്ത്രീയാണ് സുനേത്ര.
സുപ്രിയ സുലെയുടെ നാലാം അങ്കമാണ് ഇത്തവണത്തേത്. ഒറ്റ നോട്ടത്തിൽ വിജയം സുനിശ്ചിതമല്ലേ എന്ന് തോന്നുമെങ്കിലും കാര്യം അങ്ങനെയല്ല! ശരത് പവാർ തന്റെ അനുഭവങ്ങളും ബന്ധങ്ങളും വോട്ടാക്കാൻ ശ്രമിക്കുമ്പോൾ അജിത് പവാർ ശക്തിയും ബുദ്ധിയും മികവുമാണ് വോട്ടാക്കുക. മുൻകാലങ്ങളിൽ എൻസിപിയുടെ കരുത്തും ബലഹീനതയും കൃത്യമായി അറിഞ്ഞുവച്ചാണ് അജിത് കരുക്കൾ നീക്കുന്നത്.
കോടതി ഇടപെടലിലൂടെ എൻസിപിയെന്ന പേരും ആ പാർട്ടിയുടെ വൈകാരികതയായിരുന്ന ഘടികാര ചിഹ്നവും അജിത് പവാർ നേടിയെടുത്തത് ഉദാഹരണം. എന്നാൽ പല ചിഹ്നങ്ങളിൽ മത്സരിച്ചിട്ടുള്ള തനിക്ക് ഇതൊരു പ്രശ്‌നമല്ല എന്നാണ് പവാറിന്റെ നാട്യം.
ബിസിനസുകാരുടെ ഇഷ്ടയിടമാണ് ബാരാമതി. പഞ്ചസാര നിർമാണ കേന്ദ്രങ്ങളാണ് ഇവിടെ പ്രധാനം. നിരവധി വ്യവസായികളാണ് അജിത് പവാറിൽ വിശ്വാസം അർപ്പിച്ച് അദ്ദേഹത്തിന് ഐക്യദാർഢ്യവുമായി രംഗത്തുള്ളത്. എൻസിപി ഭരണകാലത്ത് വ്യവസായികൾക്കും നിക്ഷേപകർക്കും വളരാനുള്ള സാഹചര്യം ഒരുക്കുന്നതിലും അജിത് പവാർ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
അജിത് പവാറിന്റെ അഭാവം
അജിത്തിന്റെ അഭാവം ശരത് പവാറിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും സുപ്രിയയുടെ വിജയത്തിനായി കരുക്കൾ നീക്കിയ അജിത്തിന്റെ ഇത്തവണത്തെ പ്രകടനം എങ്ങനെയാകുമെന്ന് അറിയാനുള്ള ആവേശത്തിലാണ് രാജ്യം. ശരത് പവാറിന്റെ ചെറുമകൻ രോഹിത് പവാറാണ് അജിത് പവാറിന്റെ പകരക്കാരനായി നിലവിൽ പ്രവർത്തിക്കുന്നത്.
ബാരാമതി ലോക്സഭ മണ്ഡലം
ആറ് നിയമസഭ മണ്ഡലമാണ് ബാരാമതി ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. മൂന്നര പതിറ്റാണ്ടായി ബാരാമതി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് അജിത് പവാറാണ്. അജിത് പവാറിന് നാല് ബിജെപി, എൻസിപി എംഎൽഎമാരുടെ പിന്തുണയാണുള്ളത്. സുപ്രിയ സുലെയ്‌ക്ക് രണ്ട് കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണയുമുണ്ട്. ഏകദേശം 55,000-ത്തോളം പേരുള്ള മണ്ഡലത്തിലെ 78 ശതമാനം വോട്ടർമാരും റൂറൽ സോണിലുള്ളവരാണ്. 2019-ലെ തെരഞ്ഞെടുപ്പിൽ സുപ്രിയ സുലെ 6,83,705 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ബിജെപിയുടെ കുഞ്ചൻ രാഹുലായിരുന്നു എതിരാളി.
എഴുതിയത്
അശ്വതി സതീഷ്