ചെന്നൈ: തിരുവണ്ണാമലയിലെ ലോകപ്രശസ്തമായ അണ്ണാമലയാർ ശിവ ക്ഷേത്രത്തിലേക്ക് ദിവസേന നിരവധി ഭക്തർ എത്തുകയും ദർശനം നടത്തുകയും ചെയ്യുന്നു. തമിഴ്നാട്ടിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഭക്തരും ഇവിടെ ദർശനത്തിനെത്തുന്നു. പൗർണ്ണമി ദിവസം ഗിരിവലം വെക്കുവാനായി പതിനായിരക്കണക്കിന് ഭക്തരാണ് ഇവിടെ എത്തിച്ചേരുന്നത്. എന്നാൽ അവരെ ഉൾക്കൊള്ളാനുള്ള ഗതാഗത സൗകര്യങ്ങൾ ഇവിടെ ഉണ്ടായിരുന്നില്ല.
ഈ സാഹചര്യത്തിൽ തിരുവണ്ണാമലൈ നഗരത്തിലേക്കുള്ള ട്രെയിൻ ഗതാഗതം മെച്ചപ്പെടുത്തണമെന്ന് പൊതുജനങ്ങൾ നിരന്തരം ആവശ്യപ്പെടുകയായിരുന്നു.
ഇതിനെ തുടർന്ന് തിരുവണ്ണാമലയിൽ നിന്ന് ചെന്നൈ ബീച്ചിലേക്ക് ദിവസേന പ്രത്യേക ട്രെയിൻ സർവീസ് നടത്താൻ ദക്ഷിണ റെയിൽവേ ട്രിച്ചി ഡിവിഷൻ തീരുമാനിക്കുകയായിരുന്നു. ചെന്നൈ ബീച്ചിൽ നിന്ന് വെല്ലൂർ കൻ്റോൺമെൻ്റിലേക്കുള്ള പ്രതിദിന പാസഞ്ചർ ട്രെയിൻ തിരുവണ്ണാമലൈ വരെ നീട്ടി.
ഇതനുസരിച്ച് ഇന്ന് (മെയ് 3) മുതൽ ട്രെയിൻ സർവീസ് ആരംഭിക്കും. പുലർച്ചെ നാലിന് തിരുവണ്ണാമലയിൽ നിന്ന് പുറപ്പെട്ട് 9.50ന് ചെന്നൈ ബീച്ചിലെത്തും വൈകിട്ട് ആറിന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് അർദ്ധരാത്രി 12ന് തിരുവണ്ണാമലയിലെത്തും എന്നാണ് അറിയിപ്പ്.
ചെന്നൈ ബീച്ചിൽ നിന്ന് ദിവസവും വൈകിട്ട് ആറിന് പുറപ്പെടുന്ന പാസഞ്ചർ ട്രെയിൻ നമ്പർ 06033 , വെല്ലൂർ കൻ്റോൺമെൻ്റിലേക്ക് എത്തുകയും അവിടെ നിന്ന് ബെന്നത്തൂർ, കണ്ണമംഗലം, ഒന്നുപുരം, സെതരമ്പത്ത്, ആറണി റോഡ്, മതിമംഗലം, പോലൂർ വഴി തിരുവണ്ണാമലയിൽ 12.05-ന് എത്തിച്ചേരുമെന്നും അറിയിപ്പിൽ പറയുന്നു.
തിരുവണ്ണാമലയിൽ നിന്ന് ചെന്നൈ ബീച്ചിലേക്ക് ഓടുന്ന ഈ ട്രെയിൻ സർവീസിന് 50 രൂപയാണ് നിരക്ക്.















