”ഒരിക്കൽ കൂടി അദ്ദേഹത്തെ ഡൽഹിയിലേക്ക് കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നു, എനിക്കൊപ്പം അദ്ദേഹം അവിടെ പ്രവർത്തിക്കും..” ഏപ്രിൽ 26ന് മദ്ധ്യപ്രദേശിലെ ഹർദയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ശിവരാജ് സിംഗ് ചൗഹാനെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്. ഇതോടെ തന്റെ രണ്ടാം ഇന്നിംഗ്‌സിലേക്ക് കടന്നിരിക്കുകയാണ് ചൗഹാൻ. 20 വർഷങ്ങൾക്ക് ശേഷം വീണ്ടും വിദിശയിൽ നിന്ന്..

ചൗഹാനെ ഇതിന് മുൻപ് അഞ്ച് തവണ പാർലമെന്റിലേക്ക് അയച്ച വിദിശ. വീണ്ടുമൊരിക്കൽ കൂടി ലോക്സഭാ തെരഞ്ഞെടുപ്പിൽ അങ്കംകുറിക്കാൻ ചൗഹാൻ ഇറങ്ങുമ്പോൾ ബിജെപി പ്രതീക്ഷിക്കുന്ന 400 സീറ്റുകളിലൊന്ന് അവിടെ ഉറപ്പായി കഴിഞ്ഞിരിക്കുകയാണ്. മദ്ധ്യപ്രദേശിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച മുഖ്യമന്ത്രിയും സംസ്ഥാനത്തെ ഏറ്റവും ജനപ്രിയനായ രാഷ്‌ട്രീയ നേതാവുമായ ശിവരാജ് സിംഗ് ചൗഹാൻ. മദ്ധ്യപ്രദേശിന്റെ സ്വന്തം ‘മാമാജി’ വിദിശയുടെ എംപി സ്ഥാനമലങ്കരിക്കാൻ തയ്യാറെടുക്കുമ്പോൾ എതിരാളികൾ പരാജയം ഉറപ്പിച്ചുകഴിഞ്ഞു.
പ്രചാരണച്ചൂടിലേക്ക്..

സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ, ഒരുനിമിഷം പോലും പാഴാക്കാൻ ചൗഹാൻ തയ്യാറായിരുന്നില്ല. വിദിശയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലേക്ക് വോട്ടഭ്യർത്ഥിച്ച് മുൻ മുഖ്യമന്ത്രിയിറങ്ങി. ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ നിരത്തിലിറങ്ങിയ അദ്ദേഹത്തിനരികിലേക്ക് കുട്ടികളടക്കം ഓടിയെത്തി. ദിവസവും 16 മണിക്കൂർ നീണ്ട പ്രചാരണത്തിന്റെ ക്ഷീണമെല്ലാം അന്നേരം നിഷ്പ്രഭമാവുകയാണെന്ന് ചൗഹാൻ പറയുന്നു. തങ്ങളുടെ പ്രിയ നേതാവിനെ അടുത്ത് കാണാനും അദ്ദേഹത്തിന്റെ കരസ്പർശമേറ്റുവാങ്ങാനും തടിച്ചുകൂടിയ ജനക്കൂട്ടത്തിലേക്ക് അവരിലൊരാളായി പ്രചാരണം തുടരുകയാണ് 65-കാരനായ ചൗഹാൻ.
വാജ്‌പേയിയെയും സുഷമയെയും സമ്മാനിച്ച വിദിശ

1967-ൽ നിലവിൽ വന്ന ലോക്‌സഭാ മണ്ഡലമാണ് വിദിശ. മുൻകാലങ്ങളിൽ അടൽ ബിഹാരി വാജ്‌പേയിയും സുഷമ സ്വരാജും തിരഞ്ഞെടുക്കപ്പെട്ട സീറ്റ്. മദ്ധ്യപ്രദേശിലെ 29 ലോക്‌സഭാ മണ്ഡലങ്ങളിൽ സുപ്രധാനമായ ഒന്ന്. ബിജെപിയുടെ ശക്തികേന്ദ്രം. രാജീവ്ഗാന്ധി വധമുൾപ്പടെ സംഭവബഹുലമായിരുന്ന 1991ൽ കോൺഗ്രസിന് അനുകൂലമായി സഹതാപതരംഗം ശക്തമായി ആഞ്ഞുവീശുന്നതിനിടെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലാണ് വിദിശയിൽ നിന്നും ലക്നൗവിൽ നിന്നും മത്സരിച്ച വാജ്പേയ് ഇരുസീറ്റുകളിലും ഉയർന്ന ഭൂരിപക്ഷത്തിന് വിജയിച്ചത്. പിന്നീട് ലക്നൗ നിലനിർത്താൻ തീരുമാനിച്ചതോടെ വിദിശയിൽ വാജ്പേയിക്ക് പകരം ബിജെപി നേതൃത്വം തിരഞ്ഞെടുത്തത് ബുധ്നി എംഎൽഎയായിരുന്ന ശിവരാജ് സിംഗ് ചൗഹാനെയായിരുന്നു. ഇതോടെ ശിവരാജ് സിംഗ് ചൗഹാന്റെ പൊളിറ്റിക്കൽ കരിയറിലെ സുപ്രധാന ചുവടുവയ്പ്പ് അവിടെ സംഭവിച്ചു. വിദിശയിൽ നിന്നും ചൗഹാൻ ആദ്യമായി ലോക്സഭയിലേക്കെത്തി.

കഴിഞ്ഞ തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ രാമകാന്ത് ഭാർഗവ 5 ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് അനായാസമായി വിജയിച്ച മണ്ഡലം കൂടിയാണ് വിദിശ. കോൺഗ്രസിന്റെ ശൈലേന്ദ്ര പട്ടേലായിരുന്നു അന്ന് രണ്ടാമത്തെത്തിയത്. കോൺഗ്രസിന്റെ ലക്ഷ്മൺ സിംഗിനെ തറപറ്റിച്ച് ഏഴ് ലക്ഷത്തിലധികം വോട്ടുകൾ സ്വന്തമാക്കി 2014ൽ സുഷമാ സ്വരാജ് നേടിയ വിജയവും വിദിശയുടെ ചരിത്രമാണ്. 2009ലും 2014ലും വിദിശയുടെ ഭൂരിഭാഗം വോട്ടുകളും സ്വന്തമാക്കി അത്യുജ്ജല വിജയമായിരുന്നു സുഷമ സ്വരാജ് കാഴ്ചവച്ചത്. രണ്ട് തവണ എംപിയായപ്പോഴും മണ്ഡലത്തിലെ 66-78 ശതമാനം വോട്ടുകളും സുഷമ സ്വരാജ് പെട്ടിയിലാക്കിയിരുന്നു.

ഭോജ്പൂർ, സാഞ്ചി, സിൽവാനി, വിദിശ, ബസോദ, ബുധ്‌നി, ഇച്ഛവാർ, ഖതേഗാവ് എന്നീ എട്ട് നിയമസഭാ മണ്ഡലങ്ങളടങ്ങുന്നതാണ് വിദിശ ലോക്‌സഭാ സീറ്റ്. ഇതിൽ സിൽവാനിയൊഴികെ മറ്റെല്ലാം ബിജെപിയുടെ അഭേദ്യമായ കോട്ടയാണ്. ബുധ്‌നിയിലെ നിലവില ജനപ്രതിനിധി കൂടിയാണ് മത്സരരംഗത്തേക്കിറങ്ങിയ ശിവരാജ് സിംഗ് ചൗഹാൻ.
ജനങ്ങളുടെ ‘മാമാജി’

പാവപ്പെട്ടവർക്ക് ഒരു രൂപയ്‌ക്ക് അരി, സ്ത്രീകൾക്ക് പ്രസവത്തിന് സഹായമാകാൻ സാംബൽ പദ്ധതി, ദരിദ്ര കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം, ലാഡ്‌ലി ലക്ഷ്മി യോജന എന്നീ ക്ഷേമ പദ്ധതികൾ ചൗഹാന്റെ ജനപ്രീതി ഉയർത്താനും വയോധികർക്കിടയിലും സ്ത്രീകൾക്കിടയിലും ശക്തമായ സ്വാധീനം ചെലുത്താനും കാരണമായിരുന്നു.
”ഇതെന്റെ കുടുംബമാണ്, പ്രതിസന്ധികളെ ഞങ്ങൾ ഒന്നിച്ച് പോരാടും, അഭിമുഖീകരിക്കും. രാഷ്‌ട്രീയക്കാരനോ നേതാവോ ആയിട്ടല്ല ഞാനിവിടെ ജീവിക്കുന്നത്. ഈ കുടുംബത്തിലെ ഓരോരുത്തരും എന്റെ സഹോദരീ സഹോദരന്മാരും മരുമക്കളുമാണ്. ഇവിടെ സ്‌നേഹം മാത്രമേയുള്ളൂ..” ജനപ്രിയ നേതാവായി തുടരുന്നതെങ്ങനെയെന്ന ചോദ്യത്തിന് അവരുടെ ‘മാമാജി’ മാദ്ധ്യമങ്ങൾക്ക് മറുപടി നൽകുന്നതിങ്ങനെയാണ്.

മദ്ധ്യപ്രദേശിലെ സേഹോറിൽ 1959ലാണ് ചൗഹാന്റെ ജനനം. കിരാർ കുടുംബത്തിൽ ജനിച്ചുവളർന്ന അദ്ദേഹം ഭോപ്പാലിലെ ബർകതുള്ള സർവകലാശലയിൽ നിന്ന് ഫിലോസഫിയിൽ ബിരുദാനന്തര ബിരുദവും സ്വർണ മെഡലും നേടി. രാഷ്‌ട്രീയം മാറ്റിനിർത്തിയാൽ സമ്പൂർണ കർഷകനാണ് ചൗഹാൻ. അടിയന്തരാവസ്ഥക്കാലത്ത് പ്രതിഷേധിച്ചതിന്റെ പേരിൽ ഭോപ്പാലിലെ ജയിലിൽ കിടന്ന പ്രക്ഷോഭകരിൽ ചൗഹാനുമുണ്ട്.
1990ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് അദ്ദേഹം ആദ്യമായി മത്സര രംഗത്തേക്കിറങ്ങുന്നത്. അന്ന് ബുധ്‌നിയിൽ നിന്ന് എംഎൽഎയായി ജയിച്ച ചൗഹാൻ പിന്നീട് നിരവധി തവണ ജയം സ്വന്തമാക്കി. 2005ലാണ് അദ്ദേഹം മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയത്.
ചൗഹാന്റെ പൊളിറ്റിക്കൽ കരിയർ ഒറ്റനോട്ടത്തിൽ

1972 – 13-ാം വയസിൽ ആർഎസ്എസിൽ ചേർന്നു.
1975 – മോഡൽ സ്കൂൾ സ്റ്റുഡൻ്റ്സ് യൂണിയൻ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു.
1976 – അടിയന്തരാവസ്ഥയ്‌ക്കെതിരായ സമരത്തിൽ പങ്കെടുത്ത് ഭോപ്പാൽ ജയിലിൽ തടവിലായി.
1977 – അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ സംഘടനാ ചുമതല.
1980 – എബിവിപി സംസ്ഥാന ജനറൽ സെക്രട്ടറി
1984 – ഭാരതീയ ജനതാ യുവമോർച്ച മദ്ധ്യപ്രദേശിന്റെ ജോയിൻ്റ് സെക്രട്ടറി
1985 – ബിജെവൈഎം ജനറൽ സെക്രട്ടറി
1988 – യുവമോർച്ച സംസ്ഥാന പ്രസിഡൻ്റ്
1990 – ബുധ്നി നിയമസഭാ മണ്ഡലത്തിൽ നിന്ന് എംഎൽഎയായി.
1991 – വിദിശയെ പ്രതിനിധീകരിച്ച് ആദ്യമായി ലോക്സഭയിലേക്ക്.
1992 – ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി
1992 – മാനവശേഷി വികസന മന്ത്രാലയത്തിന്റെ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗമായി
1993 – ലേബർ ആൻഡ് വെൽഫെയർ കമ്മിറ്റി അംഗം
1994 – ഹിന്ദി ഉപദേശക സമിതി അംഗം
1996 – 11-ാം ലോക്‌സഭയിൽ വിദിശയിൽ നിന്ന് (രണ്ടാം തവണ) പാർലമെൻ്റിലേക്ക്
1997 – മദ്ധ്യപ്രദേശ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി
1999 – വിദിശയിൽ നിന്ന് വീണ്ടും ലോക്സഭയിലേക്ക്
2000 – ഭാരതീയ ജനതാ യുവമോർച്ചയുടെ (BJYM) ദേശീയ പ്രസിഡൻ്റ്
2005 – ബിജെപി മദ്ധ്യപ്രദേശ് സംസ്ഥാന പ്രസിഡൻ്റ്
2019 – ബിജെപി ദേശീയ വൈസ് പ്രസിഡൻ്റ്
ചൗഹാനോട് ഏറ്റുമുട്ടാൻ കോൺഗ്രസ് കളത്തിലിറക്കിയ ‘ദാദാജി’

ഇത്തവണ മെയ് 7ന് വിരലിൽ മഷി പുരട്ടാൻ വിദിശയൊരുങ്ങുമ്പോൾ കോൺഗ്രസ് ഉയർത്തിക്കാട്ടുന്നത് പ്രതാപ് ഭാനു ശർമയെയാണ്. മണ്ഡലത്തിൽ വലിയൊരു ശതമാനവും ബ്രാഹ്മണരാണെന്നതിനാൽ, ബ്രാഹ്‌മണനായ പ്രതാപ് ഭാനു ശർമയെ കളത്തിലിറക്കി പോരാട്ടം കടുപ്പിക്കാനാണ് കോൺഗ്രസ് നീക്കം. എന്നാൽ 1991 മുതൽ അഞ്ച് തവണ ചൗഹാനെ അനുഗ്രഹിച്ച വിദിശയിൽ ജനങ്ങളുടെ പ്രിയപ്പെട്ട മാമാജി സ്ഥാനാർത്ഥിയാകുമ്പോൾ അത് മറികടക്കാൻ പ്രതാപ് ഭാനുവിന്റെ രാഷ്‌ട്രീയ പാരമ്പര്യം പോരാതെ വരും. 1980 മുതൽ 84 വരെ വിദിശയിൽ നിന്ന് വിജയിച്ച് അക്കാലത്ത് ജനങ്ങളുടെ ദാദാജിയായി സ്‌നേഹമേറ്റുവാങ്ങിയ ചരിത്രം 77കാരനായ പ്രതാപ് ഭാനുവിനുണ്ടെങ്കിലും കഴിഞ്ഞ പത്ത് വർഷമായി കോൺഗ്രസ് നേരിടുന്ന അപചയത്തെ കവച്ചുവയ്‌ക്കാൻ അത് മതിയാകില്ലെന്ന് തന്നെയാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
1991ൽ വിദിശയിൽ നിന്നും വാജ്പേയി നേടിയ വൻ വിജയത്തിനിടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കോൺഗ്രസ് സ്ഥാനാർത്ഥി കൂടിയാണ് പ്രതാപ് ഭാനു ശർമ. അന്ന് വാജ്പേയിയോട് തോറ്റ ശർമ പിന്നീട് വിദിശയിൽ പരീക്ഷണത്തിനിറങ്ങിയില്ല.
മെയ് 7ന് പോളിംഗ് ബൂത്തിലേക്ക്
താരതമ്യേന ഗ്രാമീണരധികമുള്ള മണ്ഡലമാണ് വിദിശ. ഏകദേശം 19 ലക്ഷത്തിലധികം വോട്ടർമാരുമുണ്ട്. ഇതിൽ 9 ലക്ഷത്തോളം പുരുഷന്മാരും സ്ത്രീകളുമുള്ളതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബിജെപി, കോൺഗ്രസ് സ്ഥാനാർത്ഥികൾ അടക്കം 13 പേർ ഇത്തവണ മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്നു.















