റാഞ്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത് മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഇഡിക്കെതിരെയുള്ള ക്രിമിനൽ റിട്ട് ഹർജിയാണ് ഹൈക്കോടതി തള്ളിയത്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇടക്കാല ഇളവ് തേടിയുള്ള സോറന്റെ ഹർജിക്കെതിരെ ഇഡി സുപ്രീം കോടതിയെ നേരത്തെ സമീപിച്ചിരുന്നു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് സോറന്റെ ഹർജി ഇന്ന് പരിഗണിക്കുന്നതിനായി മാറ്റിയത്.
സോറന് വേണ്ടി മുതിർന്ന അഭിഭാഷകനായ കപിൽ സിബലാണ് ഹാജരായത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അടിയന്തര വാദം കേൾക്കണമെന്ന് സോറൻ നേരത്തെ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരി 28-നാണ് സോറന്റെ ഹർജി പരിഗണിക്കുന്നത് ഝാർഖണ്ഡ് ഹൈക്കോടതി മാറ്റിയത്.
തന്റെ അറസ്റ്റ് അനാവശ്യമാണെന്നും ഈ വിഷയത്തിൽ റിമാൻഡ് ചെയ്തത് നിയമവിരുദ്ധമാണെന്നും സോറൻ തന്റെ ഹർജിയിൽ അവകാശപ്പെടുന്നു. ഖനന അഴിമതി കേസിൽ കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തിയാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്.















