ലക്‌നൗ: കോൺഗ്രസിന്റെ സ്വന്തം തട്ടകമായ അമേഠിയിൽ മത്സരിക്കാൻ ഭയപ്പെടുന്ന രാഹുലിന്റെ ഭീരുത്വത്തെ പരിഹസിച്ച് കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ സ്മൃതി ഇറാനി. റായ്ബറേലി മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി രാഹുലിനെ പ്രഖ്യാപിച്ചതോടെ കോൺഗ്രസ് പാരാജയം സമ്മതിച്ചതായി സ്മൃതി ഇറാനി പറഞ്ഞു. അമേഠിയിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ.
” അമേഠിയിൽ പരാജയപ്പെടുമെന്ന് കോൺഗ്രസിന് വ്യക്തമായ ബോധമുണ്ട്. ഇതുകൊണ്ടാണ് രാഹുൽ അമേഠിയിൽ മത്സരിക്കാതെ റായ്ബറേലിയിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചത്. പ്രതീക്ഷയുടെ നേരിയ അംശമെങ്കിലും അവരിൽ ഉണ്ടായിരുന്നുവെങ്കിൽ അമേഠിയിൽ മത്സരിക്കാൻ അവർ സന്നദ്ധരാവുമായിരുന്നു. ഇങ്ങനെയുള്ള ഭീരുക്കൾക്ക് വോട്ട് നൽകിയിട്ട് കാര്യമുണ്ടോയെന്ന് നിങ്ങൾ ജനങ്ങളാണ് തീരുമാനിക്കേണ്ടത്.”- സ്മൃതി ഇറാനി പറഞ്ഞു.
50 വർഷം കോൺഗ്രസ് അമേഠിയിൽ ഭരിച്ചു. എന്താണ് അവർ രാജ്യത്തിനും അമേഠിയ്‌ക്കുമായി ചെയ്തതെന്നും സ്മൃതി ചോദിച്ചു. കോൺഗ്രസിന് 50 വർഷം കൊണ്ട് സാധിക്കാത്ത പല വികസനങ്ങളും 5 വർഷം കൊണ്ട് ബിജെപിക്ക് ഇവിടെ ഉണ്ടാക്കിയെടുക്കാൻ സാധിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതുപോലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുന്നതോടെ രാഹുലിന് വയനാട്ടിൽ നിന്നും മറ്റൊരു മണ്ഡലം തേടി പോവേണ്ടി വരുമെന്നും റായ്ബറേലിയിലെ ജനങ്ങൾ ഇതിനോടകം തന്നെ വിധിയെഴുതി കഴിഞ്ഞെന്നും സ്മൃതി തുറന്നടിച്ചു. റായ്ബറേലിയിലെ ജനങ്ങൾ എന്നും ബിജെപിക്കൊപ്പമുണ്ടാകുമെന്നും അവർ എൻഡിഎ സ്ഥാനാർത്ഥി ദിനേഷ് പ്രതാപ് സിംഗിനെ വിജയിപ്പിക്കുമെന്നും സ്മൃതി ഇറാനി ആത്മവിശ്വാസം പ്രകടിപ്പിച്ചു.