നയ്പിഡോ: മ്യാന്മറിൽ ഉഷ്‌ണതരംഗം കാരണം ഒറ്റമാസത്തിനിടെ 50 പേരുടെ ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. മരിച്ചവരിൽ ഭൂരിഭാഗവും 50നും 90നും ഇടയിൽ പ്രായമുള്ളവരാണെന്ന് വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഏപ്രിൽ മാസത്തെ മാത്രം കണക്കാണിത്.
വേനൽക്കാല രോഗങ്ങളുമായി ബന്ധപ്പെട്ട് എട്ട് പേരാണ് മാർച്ച് മാസത്തിൽ ചികിത്സ തേടിയതെങ്കിൽ ഏപ്രിലിൽ ഇത് 50 ആയി ഉയർന്നു. 77 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനിലയായ 44.8 ഡിഗ്രി സെൽഷ്യസ് രാജ്യത്ത് രേഖപ്പെടുത്തിയിരുന്നു. ഏപ്രിൽ 28ന് മണ്ടേലയിലാണ് റെക്കോർഡ് താപനില അനുഭവപ്പെട്ടത്.
തെക്കുകിഴക്കൻ ഏഷ്യയിൽ ഏറ്റവും ചൂട് അനുഭവപ്പെടുന്നത് ഏപ്രിൽ, മെയ് മാസങ്ങളിലാണ്. മൺസൂൺ ആരംഭിക്കുന്നതിന് മുമ്പ് അന്തരീക്ഷ താപനില കുതിച്ചുയരുന്നത് സാധാരണ പ്രതിഭാസമായാണ് ഗവേഷകർ വിലയിരുത്തുന്നത്.