സിഎൻജിയിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ ബൈക്ക് ജൂൺ 18 ന് പുറത്തിറക്കും . രാജ്യത്തെ പ്രമുഖ മോട്ടോർസൈക്കിൾ നിർമാതാക്കളായ ബജാജ് ഓട്ടോ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ രാജീവ് ബജാജ് ഇക്കാര്യം അറിയിച്ചത്. പെട്രോളിൽ പ്രവർത്തിക്കുന്ന ബൈക്കിനെ അപേക്ഷിച്ച് ഇതിന്റെ പ്രവർത്തന ചെലവ് പകുതിയായിരിക്കും.
‘ ബ്രൂജർ 125 സിഎൻജി ‘ എന്ന പേരിലുള്ള ബൈക്ക് വിവിധ ഘട്ടങ്ങളിലായാണ് പുറത്തിറക്കുക. ആദ്യം മഹാരാഷ്ട്രയിലും പിന്നീട് സിഎൻജി സ്റ്റേഷനുകൾ ലഭ്യമായ സംസ്ഥാനങ്ങളിലും ഇത് അവതരിപ്പിക്കും. 100സിസി, 125സിസി, 150-160സിസി ബൈക്കുകൾ ഉൾപ്പെടുന്ന സിഎൻജി ബൈക്കുകളുടെ ഒരു പോർട്ട്ഫോളിയോ തങ്ങൾ നിർമ്മിക്കുമെന്ന് ബജാജ് പറയുന്നു.
ഇതിന്റെ പരീക്ഷണ സമയത്ത്, കാർബൺ ഡൈ ഓക്സൈഡ് (CO2) പുറത്ത് വിടുന്നതിൽ 50% കുറവും കാർബൺ മോണോക്സൈഡ് (CO) പുറത്ത് വിടുന്നതിൽ 75% കുറവും മറ്റ് വാതകങ്ങൾ പുറന്തള്ളുന്നതിൽ ഏകദേശം 90% കുറവും ഉണ്ടായിട്ടുണ്ട്. ഒപ്പം ഇന്ധനത്തിലും പ്രവർത്തന ചെലവിലും 50 മുതൽ 65 ശതമാനം കുറവുണ്ടായി.