ഇറ്റലി: മുത്തശ്ശി നൽകിയ പാൽപ്പൊടി- വൈൻ മിശ്രിതം കുടിച്ച് നാല് മാസം പ്രായമുളള കുഞ്ഞ് അബോധാവസ്ഥയിൽ. ഇറ്റലിയിലെ ഫ്രാങ്കോവില്ലയിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. വൈനും വെളളവും സൂക്ഷിച്ച ബോട്ടിൽ ഒരേ നിറത്തിലായതിനാൽ മുത്തശ്ശിക്ക് അബദ്ധം പറ്റിയതാകാമെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മിശ്രിതം കുഞ്ഞിന് നൽകിയപ്പോൾ ആദ്യം കുറച്ച് കുടിച്ചെങ്കിലും തുടർന്ന് വിസമ്മതിക്കുകയായിരുന്നു. സംശയം തോന്നി അടപ്പ് തുറന്നു നോക്കിയപ്പോഴാണ് മുത്തശ്ശിക്ക് വൈനിന്റെ ഗന്ധം അനുഭവപ്പെട്ടത്. തുടർന്ന് മുത്തശ്ശി തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
കുഞ്ഞിന്റെ ജീവന് നിലവിൽ ഭീഷണിയില്ലെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടിൽ ചെയ്യുന്നു. മുത്തശ്ശിക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തണോ എന്ന് തീരുമാനിക്കാൻ കുഞ്ഞിന്റെ മെഡിക്കൽ രേഖകൾ അധികൃതർ പരിശോധിക്കുകയാണ്.
കഴിഞ്ഞ വർഷവും പ്രദേശത്ത് സമാന സംഭവം നടന്നിരുന്നു. 18 മാസം മാത്രം പ്രായമുള്ള കുട്ടിയുടെ വായിലേക്ക് വൈൻ ഒഴിച്ച് നൽകുന്ന വീഡിയോയാണ് പുറത്ത് വന്നത്. 20 വയസ് പ്രായമുള്ള പെൺകുട്ടികളാണ് അന്ന് അറസ്റ്റിലായത്.















