ഗുജറാത്തിനെ അനായാസം എറിഞ്ഞിട്ട ആർ.സി.ബി കുഞ്ഞൻ വിജയലക്ഷ്യം മറികടക്കാൻ നന്നായി വെള്ളം കുടിച്ചു. 38 പന്ത് ബാക്കി നിൽക്കെ നാലുവിക്കറ്റിനായിരുന്നു ജയം. നന്നായി തുടങ്ങിയ ആർ.സി.ബിയുടെ മദ്ധ്യനിര ചീട്ടുക്കൊട്ടാരം പോലെ തകർന്നതാണ് വിനയായത്. അനായാസം ജയിക്കുമെന്ന് കരുതിയ മത്സരമാണ് ഇതോടെ ബെംഗളൂരു കിതച്ച് ജയിച്ചത്. 147 റൺസിനാണ് ഗുജറാത്തിനെ ബെംഗളൂരു പുറത്താക്കിയത്. ആർ.സി.ബി ബൗളർമാർ അവസരത്തിനൊത്ത് ഉയർന്നതോടെ ഗുജറാത്ത് ബാറ്റർമാർക്ക് മറുപടിയുണ്ടായിരുന്നില്ല.മറുപടി ബാറ്റിംഗിൽ തകർത്തടിച്ചാണ് ആർ.സി.ബി തുടങ്ങിയത്.ഇത്തവണത്തെ ഐപിഎല്ലിലെ പവർപ്ലേയിലെ മികച്ച ടോട്ടലും അവർ സ്വന്തമാക്കിയ ആറോവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 92 റൺസാണ് ബെംഗളൂരു അടിച്ചുകൂട്ടിയത്.
23 പന്തിൽ 64 റൺസെടുത്ത് ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയാണ് വിസ്ഫോടന തുടക്കം സമ്മാനിച്ചത്. വിരാട് കോലി 27 പന്തിൽ 42 റൺസുമായി മികച്ച പിന്തുണ നൽകിയെങ്കിലും തുടരെ വിക്കറ്റ് വീണത് തിരിച്ചടിയായി. മദ്ധ്യനിരയിൽ നാലുപേർ രണ്ടക്കം കാണാതെ കൂടാരം കയറി. വിൽ ജാക്സ്(1),രജത് പാട്ടിദാർ(2),ഗ്ലെൻ മാക്സ് വെൽ(4), കാമറൂൺ ഗ്രീൻ(1) എന്നിവരാണ് ഉത്തരവാദിത്തം മറന്നത്.
10-ാം ഓവറിൽ നൂർ അഹമ്മദിന്റെ ഗൂഗ്ലിയിൽ വിരാടും വീണതോടെ ആർ.സി.ബി പതറി. എന്നാൽ ക്രീസിലെത്തിയ കാർത്തിക് ഫിനിഷറുടെ റോൾ സ്വീകരിച്ചതോടെ വിജയവും ഒപ്പം നിന്നു.പിന്തുണയുമായി സ്വപ്നിൽ സിംഗുമുണ്ടായിരുന്നു. നാലു വിക്കറ്റെടുത്ത ജോഷ്വാ ലിറ്റിലാണ് ആർ.സി.ബിയുടെ നെഞ്ചിടിപ്പേറ്റിയത്. രണ്ടു വിക്കറ്റെടുത്ത നൂർ അഹമ്മദും ബെംഗളൂരുവിനെ ഭയപ്പെടുത്തി.നേരത്തെ മുഹമ്മദ് സിറാജ്, യഷ് ദയാൽ,കാമറൂൺ ഗ്രീൻ സഖ്യമാണ് ഗുജറാത്തിനെ ചെറിയ സ്കോറിൽ ഒതുക്കിയത്. 35 റൺസെടുത്ത രാഹുൽ തെവാട്ടിയാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ.