കോഴിക്കോട്: കന്നി യാത്രയിൽ നവകേരള ബസിന്റെ വാതിലിന് തകരാർ. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്ര ആരംഭിച്ച് അൽപ്പസമയത്തിനകം വാതിൽ തനിയെ തുറക്കുകയായിരുന്നു. യാത്രക്കാരന്റെ ബാഗ് താത്കാലികമായി കെട്ടിവച്ചാണ് കന്നിയാത്ര തുടരുന്നത്. യാത്രക്കാരുടെ സഹായത്തോടെയാണ് നിലവിൽ സർവ്വീസ് നടത്തുന്നത്.
ഇലക്ടോണിക് സംവിധാനം വഴി പ്രവർത്തിക്കുന്ന വാതിലാണ്. അതിൽ സംഭവിച്ച പിഴവാകാം കേടായതിന് പിന്നിലെന്നും തകരാർ പരിഹരിക്കുമെന്നും കെഎസ്ആർടിസി അറിയിച്ചു. ‘ഗരുഡ് പ്രീമിയം’ നവകേരള ബസ് രാവിലെ നാല് മണിയോടെയാണ് കോഴിക്കോട് നിന്ന് സർവീസ് ആരംഭിച്ചത്. 11.30 ബെംഗളൂരുവിലെത്തും. മുക്കാൽ മണിക്കൂർ വൈകിയാണ് ബസ് ഓടുന്നത്. പകൽ 2.30ന് ബെംഗളൂരുവിൽ നിന്ന് തിരിച്ച് രാത്രി 10.05ന് കോഴിക്കോട് എത്തിച്ചേരും. താമരശ്ശേരി, കൽപ്പറ്റ, സുൽത്താൻ ബത്തേരി, മൈസൂരു വഴിയാണ് സർവീസ്.
യാത്രക്കിടയിൽ വിനോദത്തിനായി ടെലിവിഷനും മ്യൂസിക് സിസ്റ്റവും മൊബൈൽ ചാർജർ സംവിധാനവും ലഭ്യമാക്കിയിട്ടുണ്ട്. ലഗ്ഗേജ് സൂക്ഷിക്കുവാനുള്ള സ്ഥലവുമുണ്ട്. 26 സീറ്റുകളുള്ള ബസിലെ ആദ്യ യാത്രക്കുള്ള ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റുപോയിരുന്നു. 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസുകൾക്കുള്ള അഞ്ച് ശതമാനം ആഡംബരനികുതിയും നൽകണം. 1-ാം തീയതിയാണ് ബസ് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് എത്തിച്ചത്.















