ന്യൂഡൽഹി: ഇന്ത്യൻ അതിർത്തി പ്രദേശങ്ങൾ കറൻസി നോട്ടിൽ ഉൾപ്പെടുത്താനുള്ള നേപ്പാളിന്റെ നീക്കത്തിനെതിരെ വിമർശനവുമായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. കറൻസി നോട്ടിൽ ഉൾപ്പെടുത്തിയതുകൊണ്ട് മാത്രം സ്ഥിതിഗതികൾക്കോ യാഥാർത്ഥ്യത്തിനോ മാറ്റം വരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭുവനേശ്വറിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഷയത്തിൽ ഇന്ത്യയുടെ നിലപാട് വളരെ വ്യക്തമാണെന്ന് ജയശങ്കർ പറഞ്ഞു. നേപ്പാളുമായി അതിർത്തി വിഷയങ്ങളിൽ ചർച്ചകൾ നടന്നുവരുന്നുണ്ട്. എന്നാൽ അതിനിടയിൽ അവർ ഏകപക്ഷീയമായി നടപടികൾ സ്വീകരിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ഭൂപ്രദേശങ്ങളെ നേപ്പാളിന്റേതായി ചിത്രീകരിക്കുന്ന പുതിയ 100 രൂപ കറൻസി നോട്ട് അച്ചടിക്കുമെന്നുള്ള നേപ്പാൾ ഭരണകൂടത്തിന്റെ പ്രഖ്യാപനം വരുന്നത്. ഏപ്രിൽ 25, മെയ് 2 തീയതികളിൽ നേപ്പാൾ പ്രധാനമന്ത്രി പുഷ്പകമൽ ദഹൽ പ്രചണ്ഡയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ 100 രൂപ നോട്ടിന്റെ പശ്ചാത്തലത്തിൽ അച്ചടിച്ച പഴയ ഭൂപടം മാറ്റാനും നോട്ട് പുനർരൂപകൽപന ചെയ്യാനും തീരുമാനിച്ചതായി നേപ്പാൾ സർക്കാർ വക്താവ് രേഖ ശർമ്മ പറഞ്ഞു. ലിപുലേഖ്, ലിംപിയാധുരാ, കാലാപാനി എന്നീ ഇന്ത്യൻ അതിർത്തി പ്രദേശങ്ങളാണ് നേപ്പാളിന്റെതായി ചിത്രീകരിക്കുന്നത്.
2020 ജൂൺ 18 ന് ഭരണഘടന ഭേദഗതി ചെയ്തുകൊണ്ട് തന്ത്രപ്രധാനമായ മൂന്ന് ഇന്ത്യൻ ഭൂപ്രദേശങ്ങളെയും ഉൾക്കൊള്ളിച്ച് നേപ്പാൾ തങ്ങളുടെ ഭൂപടം പുനഃക്രമീകരിച്ചിരുന്നു. നേപ്പാളിന്റെ ഈ നീക്കം ഏകപക്ഷീയമാണെന്നും കൃത്രിമമായ അതിർത്തി വിപുലീകരണമാണ് നടത്തിയതെന്നും ഇന്ത്യ പറഞ്ഞിരുന്നു. കൂടാതെ ഇതൊരിക്കലും അനുവദനീയമല്ലെന്നു പറഞ്ഞ ഇന്ത്യ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയതുമാണ്. ഈ പ്രദേശങ്ങൾ ഇന്ത്യയുടേതാണെന്ന് വ്യക്തമാക്കി ഭൂപടം പ്രസിദ്ധീകരിച്ച് ആറുമാസത്തിനുള്ളിലാണ് നേപ്പാളിന്റെ പുതിയ നീക്കം എന്നുള്ളതും ശ്രദ്ധേയമാണ്.















