ന്യൂഡൽഹി: ആഭ്യന്തര യാത്രക്കാർക്ക് ഇക്കോണമി ക്ലാസിൽ സൗജന്യമായി കൊണ്ട് പോകാവുന്ന ബാഗേജിന്റെ പരമാവധി ഭാരം 15 കിലോ ആക്കി കുറച്ച് എയർ ഇന്ത്യ. കമ്പനിയെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റാനുളള നടപടിയുടെ ഭാഗമായിട്ടാണ് ടാറ്റാ ഗ്രൂപ്പിന്റെ തീരുമാനം. മേയ് രണ്ടുമുതലാണ് പുതിയ നയം പ്രാബല്യത്തിൽ വന്നത്.
കംഫർട്ട്, കംഫർട്ട് പ്ലസ് വിഭാഗങ്ങളിലെ യാത്രക്കാരുടെ സൗജന്യ ബാഗേജിന്റെ തൂക്കത്തിലാണ് കുറവ് വരിക. കംഫർട്ട് വിഭാഗത്തിന് നേരത്തെ 20 കിലോയും കംഫർട്ട് പ്ലസ് വിഭാഗത്തിന് 25 കിലോയുമായിരുന്നു അനുവദിച്ചിരുന്നത്. ഇതാണ് ഇപ്പോൾ 15 കിലോ ആയി കുറച്ചിരിക്കുന്നത്. എന്നാൽ ഫ്ലക്സ് കാറ്റഗറിയിൽ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവർക്ക് 25 കിലോ സാധനങ്ങൾ വരെ സൗജന്യമായി കൊണ്ടുപോകാൻ സാധിക്കും.
ആഭ്യന്തര റൂട്ടുകളിൽ ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുന്നവർക്ക് 25 മുതൽ 35 കിലോ വരെ ബാഗേജ് സൗജന്യമായി കൊണ്ടുപോകാൻ അനുമതിയുണ്ട്. യാത്രക്കാർക്ക് അവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് അനുയോജ്യമായ നിരക്കുകളും സേവനങ്ങളും തിരഞ്ഞെടുക്കാൻ സഹായിക്കുന്നതാണ് പുതിയ നയമെന്ന് എയർ ഇന്ത്യ വിശദീകരിച്ചു.