ധാക്ക: ബംഗ്ലാദേശിൽ ഒക്ടോബറിൽ നടക്കുന്ന ഐസിസി വനിതാ ടി-20 ലോകകപ്പിന്റെ മത്സരക്രമം പുറത്തുവിട്ടു. ന്യൂസീലൻഡും പാകിസ്താനും ഓസ്‌ട്രേലിയയും ഉൾപ്പെടുന്ന ഗ്രൂപ്പ് എ യിലാണ് ഇന്ത്യ. ന്യൂസീലാൻഡുമായി ഒക്ടോബർ അഞ്ചിനാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ഇന്ത്യൻ നായിക ഹർമൻ പ്രീത് കൗറും ബംഗ്ലാദേശ് നായിക നിഗർ സുൽത്താനയും ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിലായിരുന്നു ഐസിസി മത്സരക്രമം പുറത്തുവിട്ടത്. എ, ബി ഗ്രൂപ്പുകളിലായി ഓരോ ടീമിനും നാല് മത്സരങ്ങളാണ് ഗ്രൂപ്പ് തലത്തിലുളളത്.
ഒക്ടോബർ 17 നും 18 നുമായി സെമി നടക്കും. 20 ന് ധാക്കയിലാണ് ഫൈനൽ നടക്കുക. 19 ദിവസങ്ങളിലായി 23 മത്സരങ്ങളാണ് നടക്കുക. ധാക്കയും സിൽഹെറ്റുമാണ് ലോകകപ്പ് വേദികൾ. ഇന്ത്യ- പാക് മത്സരവേദി സിൽഹെറ്റ് ആണ്.
ആതിഥേയരായ ബംഗ്ലാദേശ് ഗ്രൂപ്പ് ബിയിലാണ്. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ് തുടങ്ങിയ ടീമുകളാണ് ഗ്രൂപ്പ് ബിയിൽ ബംഗ്ലാദേശിനൊപ്പം ഉളളത്. ഒക്ടോബർ മൂന്നിന് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയുമായണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുക.















