റായ്ച്ചൂർ(കർണാടക): ജയ് ശ്രീറാം വിളിക്കുന്നവരെ പോലീസ് ബൂട്ട് കൊണ്ട് ചവിട്ടണമായിരുന്നു എന്ന വിവാദ പ്രസ്താവനയുമായി കോൺഗ്രസ് നേതാവും റായ്ച്ചൂർ മുൻ ജില്ലാ പഞ്ചായത്ത് ചെയർപേഴ്‌സണുമായ പതി ബഷറുദ്ദീൻ. വീഡിയോ വൈറലായതോടെ വൻ പ്രതിഷേധവുമായി ബിജെപി രംഗത്ത്.
റായ്ച്ചൂർ മുനിസിപ്പൽ കമ്മീഷണർ ഗുരുസിദ്ദയ്യ ഹിരേമഠത്തിന് മുന്നിലാണ് ബഷറുദ്ദീൻ വിവാദ പ്രസ്താവന നടത്തിയത്. ഈ വീഡിയോ കർണ്ണാടകയിൽ വൈറലാവുകയായിരുന്നു.
റായ്ച്ചൂർ ഡിസി ഓഫീസിന് മുന്നിൽ ബിജെപി പ്രവർത്തകർ ഉപരോധം നടത്തി. റായ്ച്ചൂരിൽ പ്രചാരണത്തിനെത്തിയ കെ. അണ്ണാമലൈയുടെ നേതൃത്വത്തിൽ റായ്ച്ചൂർ ബിജെപി എംഎൽഎ ശിവരാജ് പാട്ടീൽ ഡിസിക്ക് പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് റായ്ച്ചൂർ ജില്ലാ എസ്പി നിഖിൽ.ബി പത്രക്കുറിപ്പ് ഇറക്കി.
അതിനിടെ പ്രതിഷേധം കനത്തതോടെ ബഷീറുദ്ദീനെ സസ്പെൻഡ് ചെയ്തുകൊണ്ട് കെപിസിസി അച്ചടക്ക സമിതി ഉത്തരവിറക്കി.തിരഞ്ഞെടുപ്പ് സമയത്ത് നിർണ്ണായക വിഷയങ്ങൾ സംസാരിക്കരുതെന്ന് കെപിസിസിയുടെ നിർദേശം അവഗണിച്ചതിനാണ് ബഷീറുദ്ദീനെ സസ്‌പെൻഡ് ചെയ്തതെന്ന് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ കത്തിൽ പറയുന്നു.