കോഴിക്കോട്: കൊയിലാണ്ടി പുറംകടൽ തീരത്തെത്തിയ ഇറാനിയൻ ബോട്ട് കസ്റ്റഡിയിലെടുത്ത് ഇന്ത്യൻ കോസ്റ്റ്ഗാർഡ്. ബോട്ടിലുണ്ടായിരുന്ന കന്യാകുമാരി സ്വദേശികളായ 6 മത്സ്യത്തൊഴിലാളികളെയും കസ്റ്റഡിയിലെടുത്തതായി കോസ്റ്റ്ഗാർഡ് അറിയിച്ചു.
കൊയിലാണ്ടിയിൽ നിന്ന് 20 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് കണ്ടെത്തിയത്. ഇന്ധനം തീർന്ന ബോട്ട് കൊയിലാണ്ടി തീരത്ത് കുടുങ്ങുകയായിരുന്നു. ഇറാനിൽ മത്സ്യബന്ധത്തിന് പോയ തൊഴിലാളികളായിരുന്നു ബോട്ടിലുണ്ടായിരുന്നത്.
ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് രക്ഷപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ബോട്ട് കസ്റ്റഡിയിലെടുത്തതായും മത്സ്യത്തൊഴിലാളികളെ ചോദ്യം ചെയ്ത് വരികയാണെന്നും കോസ്റ്റ്ഗാർഡ് അറിയിച്ചു.