ജറുസലേം: ഇസ്രായേലിൽ അൽ ജസീറ വാർത്താ ചാനൽ നിരോധിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു . പിന്നാലെ അൽ ജസീറയുടെ ഓഫീസായി ഉപയോഗിച്ചിരുന്ന ജറുസലേം ഹോട്ടൽ മുറിയും ഇസ്രായേൽ അധികൃതർ റെയ്ഡ് ചെയ്തു. മുറിയിൽ നിന്ന് ഉദ്യോഗസ്ഥർ ക്യാമറ ഉപകരണങ്ങൾ പൊളിച്ചുമാറ്റുന്ന വീഡിയോ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്.
എക്സിലൂടെയാണ് ബെഞ്ചമിൻ നെതന്യാഹു ഇക്കാര്യം അറിയിച്ചത്. ‘ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു, ഇത് സർക്കാരിന്‍റെ ഏകകണ്ഠമായ തീരുമാനമാണ്’, നെതന്യാഹു എക്സിൽ കുറിച്ചു.
തീരുമാനം ഉടൻ നടപ്പാക്കുക എന്ന നിർദേശത്തോടെ ഇസ്രായേൽ കമ്മ്യൂണിക്കേഷൻസ് മന്ത്രി ഉത്തരവിൽ ഒപ്പുവെച്ചതായി സർക്കാർ പ്രസ്താവനയിൽ പറയുന്നു. ഹമാസിന്റെ ദൂതർക്ക് ഇസ്രായേലിൽ അഭിപ്രായസ്വാതന്ത്ര്യം ഉണ്ടാകില്ലെന്ന് ഇസ്രായേൽ മന്ത്രി സ്ലോമോ കാർഹി നെതന്യാഹുവുമായിചേർന്നുള്ള സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. അൽ ജസീറ ഉടൻതന്നെ പൂട്ടി ഉപകരണങ്ങൾ കണ്ടുകെട്ടുമെന്നും മന്ത്രി അറിയിച്ചു.
ഇസ്രായേലിലെ അൽ ജസീറയുടെ ഓഫീസുകൾ അടച്ചുപൂട്ടുക, സംപ്രേക്ഷണ ഉപകരണങ്ങൾ കണ്ടുകെട്ടുക, കേബിൾ, സാറ്റലൈറ്റ് കമ്പനികളിൽ നിന്ന് ചാനൽ വിച്ഛേദിക്കുക, വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യുക എന്നിവയാണ് നടപടിയിൽ ഉൾപ്പെടുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു.തീരുമാനത്തെ തുടർന്ന് ഇസ്രയേലി സാറ്റലൈറ്റ്, കേബിൾ ടെലിവിഷൻ ദാതാക്കൾ അൽ ജസീറ സംപ്രേക്ഷണം നിർത്തിവച്ചു.