തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കെ മുരളീധരനോട് തന്നെ കുറിച്ച് ഒന്നും ചോദിക്കരുതെന്ന് ബിജെപി നേതാവ് പദ്മജ വേണുഗോപാൽ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പദ്മജ തന്റെ വിമർശനം രേഖപ്പെടുത്തിയത്. മാദ്ധ്യമങ്ങൾക്കെതിരെയും പദ്മജ പ്രതികരിച്ചു.
മാദ്ധ്യമങ്ങളോട് ഒരു അപേക്ഷയുണ്ട്. കെ മുരളീധരനോട് ഇനി എന്നെ പറ്റി ഒന്നും ചോദിക്കരുത്. ബന്ധങ്ങളെ രാഷ്ട്രീയമായി കാണുന്ന ഒരു വികാരജീവി ആണ് അദ്ദേഹം. അദ്ദേഹം ഒരു മറുപടിയും അർഹിക്കുന്നില്ല. ഇപ്പോഴും ഒന്നും പറയാമെന്ന് എനിക്ക് ആഗ്രഹമില്ലായിരുന്നു. വെറുതെ ഇരിക്കുന്ന എന്നെ വെറുതെ തോണ്ടരുത്. 20 കൊല്ലമായി ഈ മാനസിക പീഡനം തുടങ്ങിയിട്ട്. ഇനി എനിക്കും സഹിക്കാൻ ബുദ്ധിമുട്ടുണ്ട്.
കെ മുരളീധരൻ പാർട്ടി പിളർത്തി ഡിഐസി ഉണ്ടാക്കി എൻസിപിയിൽ പോയപ്പോൾ ഞാൻ വല്ലതും പറഞ്ഞോ? അന്ന് ഞാൻ കോൺഗ്രസുകാരിയായിരുന്നു. പിന്നെ ഞാൻ ആരെ വിമർശിക്കണം എന്നുള്ളത് ഞാൻ തീരുമാനിച്ചോളാം. എന്നെ ഉപദേശിക്കേണ്ട. എന്തായാലും ഞാൻ പറഞ്ഞത് ശരിയായിരുന്നു എന്ന് അദ്ദേഹം തന്നെ സമ്മതിച്ചല്ലോ. ഇപ്പോൾ ഞാൻ പറഞ്ഞ് കൊടുത്തിട്ടാണ് എന്ന് പറയില്ലല്ലോ. പിന്നെ കെ മുരളീധരനെ കുറിച്ച് എന്നോടും ഒന്നും ചോദിക്കരുത്. ഇത് ഒരു അടഞ്ഞ അദ്ധ്യായമാണെന്നും പദ്മജ ഫെയ്സ്ബുക്കിൽ കുറിച്ചു.