ലക്നൗ: ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെയും രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെയും അമേഠി- റായ്ബറേലി മണ്ഡലങ്ങളിലെ നിരീക്ഷകരായി നിയമിച്ച് കോൺഗ്രസ് നേതൃത്വം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെയാണ് മുതിർന്ന നിരീക്ഷകരുടെ പേരുകൾ പ്രഖ്യാപിച്ചത്.
റായ്ബറേലിയിലെ സ്ഥാനാർത്ഥിയായി രാഹുലിനേയും അമേഠിയിലെ സ്ഥാനാർത്ഥിയായി കിഷോരി ലാൽ ശർമ്മയേയും നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. രണ്ട് മണ്ഡലങ്ങളിലും പ്രിയങ്ക വാദ്രയുടെ നേതൃത്വത്തിലാണ് പ്രചാരണം. വോട്ടെടുപ്പ് അവസാനിക്കുന്നത് വരെ പ്രിയങ്ക ഇരുമണ്ഡലങ്ങളിലും ക്യാമ്പ് ചെയ്യുമെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വം പറയുന്നത്.
വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് കോൺഗ്രസ് അമേഠിയിൽ നെഹ്റു കുടുംബത്തിന് പുറത്ത് നിന്നുള്ള സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നത്. കഴിഞ്ഞ തവണ അമേഠിയിൽ രാഹുലിന്റെ പരാജയം കോൺഗ്രസിന് കനത്ത തിരിച്ചടിയായിരുന്നു. ബിജെപിയുടെ ശക്തയായ നേതാവ് സ്മൃതി ഇറാനിയോട് കനത്ത പരാജയമാണ് രാഹുൽ എറ്റുവാങ്ങിയത്. ഇത്തവണ പരാജയം ഉറപ്പായതിനാലാണ് രാഹുൽ അമേഠിയക്ക് പകരം റായ്ബറേലിയിലേക്ക് കൂടുമാറിയത്. നെഹ്റു കുടംബത്തിന്റെ വിശ്വസ്ഥനായ കിഷോരി ലാൽ ശർമ്മയെയാണ് രാഹുലിന് പകരക്കാരനായി അമേഠിയിൽ കോൺഗ്രസ് രംഗത്തിറക്കിയത്.















