വേനൽക്കാലമായതോടെ പഴക്കടകൾക്ക് മാറ്റുകൂട്ടാൻ മാമ്പഴവുമെത്തിയിട്ടുണ്ട്. കാണാൻ മാത്രമല്ല ആരോഗ്യകാര്യത്തിലും പഴങ്ങളുടെ രാജാവ് മിടുക്കനാണെന്ന് അറിയാവുന്നവരാണ് എല്ലാവരും.
വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവയും നാരുകളും ധാരാളമായി മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. കുടലിന്റെ ആരോഗ്യത്തിനും ദഹനത്തിനും സഹായിക്കുന്ന എൻസൈമുകളും ഇതിലടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇതിലടങ്ങിയിരിക്കുന്ന ചില പോളീഫീനോളുകൾ ചില കാൻസറുകളെ ചെറുക്കുന്നതിനും സഹായിക്കുമെന്നും പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
എന്നിരുന്നാലും മാമ്പഴം കഴിക്കുന്നവരിൽ ചിലർക്കെങ്കിലും ചില ആശങ്കകൾ ഉടലെടുക്കുന്നുണ്ടാകും. ഒന്നാമതായി മാമ്പഴത്തിൻറെ മധുരം തന്നെയാണ്. മാമ്പഴം കഴിച്ചാൽ പ്രമേഹ സാധ്യത വർദ്ധിക്കുമോയെന്ന് ആശങ്കപ്പെടുന്നവർ ചെറുതല്ല. എന്നാൽ ഇത് തികച്ചും മിഥ്യാധാരണയാണ്. മാമ്പഴത്തിൽ പ്രകൃതിദത്ത പഞ്ചസാരയായ ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്നിവയുൾപ്പെടെ അടങ്ങിയിട്ടെങ്കിലും ഇവയ്‌ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ജിഐ) ആണുള്ളത്. അതുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കില്ല, പ്രമേഹ രോഗികൾക്ക് കണ്ണുമടച്ച് മാമ്പഴം കഴിക്കാവുന്നതാണ്.
അമിത ഭാരം കൊണ്ട് ബുദ്ധിമുട്ടുന്നവർക്കും മാമ്പഴം മികച്ച ഗുണങ്ങൾ നൽകും. അമിതഭാരമുള്ളവരിൽ നടത്തിയ പഠനത്തിൽ 12 ആഴ്ചയോളം മാമ്പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തിയവരിൽ രക്തത്തിലെ പഞ്ചാസാരയുടെ അളവും ഇൻസുലിൻ സംവേദനക്ഷമതയും നിയന്ത്രക്കാൻ സഹായകമായി. ഇത് ക്രമേണ ഭാരം കുറയ്‌ക്കാൻ സഹായിക്കും. മധുരമുണ്ടെങ്കിലും മാമ്പഴത്തിന് താരതമ്യേന കലോറി കുറവാണ്. ഇതിലെ നാരുകൾ, വിറ്റാമിനുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയും ശരീരഭാരം നിയന്ത്രിക്കാൻ ഗുണം ചെയ്യും. വിശപ്പ് നിയന്ത്രിക്കാനും മാമ്പഴം കഴിക്കാം.















