പത്തനംതിട്ട: വാല്യുവേഷൻ സർട്ടിഫിക്കറ്റ് നൽകിയതിൽ അഴിമതി കണ്ടെത്തിയതിനെ തുടർന്ന് മുൻ തഹസിൽദാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് റവന്യൂ വകുപ്പ്. അടൂർ മുൻ സഹസിൽദാർ മോഹൻകുമാറിനെതിരെയാണ് നടപടി സ്വീകരിച്ചത്. നിലവിൽ കൈപ്പറ്റുന്ന പെൻഷനിൽ നിന്ന് പ്രതിമാസം 500 രൂപ വീതം വെട്ടിക്കുറക്കാനാണ് നടപടി.
അടൂർ നഗരസഭയ്ക്ക് ശ്മശാനം നിർമിക്കുന്നതിനായി യുഡിഎഫിന്റെ ഭരണകാലത്ത് ഉയർന്ന വിലയ്‌ക്ക് സ്ഥലം വാങ്ങിയെന്നതാണ് പരാതി. സംഭത്തിൽ അഴിമതി ചൂണ്ടിക്കാട്ടി സിപിഐ മണ്ഡലം സെക്രട്ടറിയാണ് പരാതി നൽകിയത്. 2012-ലായിരുന്നു ഇയാളുടെ മേൽനോട്ടത്തിൽ സ്ഥലം വാങ്ങിയത്.
അതേസമയം, വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചതിന് കോഴിക്കോട് മുൻ ആർടിഒയ്‌ക്ക് ഒരു വർഷം തടവും 37 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. 1989 മുതൽ 2005 വരെയുള്ള കാലഘട്ടത്തിൽ ആർടിഒയായി സേവനം അനുഷ്ഠിച്ചിരുന്ന കാലത്താണ് ഇയാൾ 38 ലക്ഷം രൂപ അധികമായി സമ്പാദിച്ചത്. കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെൽ അന്വേഷിച്ച കേസിലാണ് കോടതി ഉത്തരവ് വന്നത്. ഇയാളുടെ പേരിലുള്ള 8.87 ഏക്കർ ഭൂമിയും രണ്ടുനില വീടും സർക്കാരിലേക്ക് കണ്ടുകെട്ടാനും കോടതി ഉത്തരവിറക്കിയിട്ടുണ്ട്. കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം നല്‍കിയ ഈ കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.















