വാഷിംഗ്ടൺ: ഇന്ത്യൻ ഓഹരിവിപണിയിൽ നിക്ഷേപം നടത്തുമെന്ന സൂചന നൽകി യുഎസ് ശതകോടീശ്വരൻ വാറൻ ബഫറ്റ്. ഇന്ത്യൻ വിപണിയുടെ സാധ്യതകൾ ഇനിയും പ്രയോജനപ്പെടുത്താനുണ്ടെന്നും, ഭാവിയിൽ തന്റെ നിക്ഷേപ സ്ഥാപനമായ ബെർക്ഷൈർ ഹാത്തവേ കമ്പനി രാജ്യത്ത് നിക്ഷേപം നടത്തുമെന്നും വാറൻ ബഫറ്റ് പറഞ്ഞു.
ഇന്ത്യയിൽ പര്യവേക്ഷണം ചെയ്യപ്പെട്ടാത്ത നിരവധി അവസരങ്ങളാണുള്ളത്. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഒട്ടേറെ സാധ്യതകളുണ്ട്. ഇപ്പോഴും പലതും ഉപയോഗിക്കപ്പെടാതെ കിടക്കുന്നു. മികച്ച മാനേജ്മെന്റ് അതിന് ആവശ്യമാണ്. ഭാവിയിൽ അത് വലിയ അവസരമായി മാറുമെന്നും വാറൻ ബഫറ്റ് പറഞ്ഞു.
ബാക്ഷറിന്റെ വാർഷിക യോഗത്തിലാണ് അദ്ദേഹം ഈ പരമാർശം നടത്തിയത്. യുഎസിൽ പ്രവർത്തിക്കുന്ന ഹെഡ്ജ് ഫണ്ട് മാനേജറായ രാജീവ് അഗർവാളിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആഗോള സമ്പദ്വ്യവസ്ഥയിൽ ഇന്ത്യ കുതിക്കുകയാണ്. ഒക്ടോബർ-ഡിസംബർ പാദത്തിൽ 8.4% ജിഡിപി വളർച്ചയോടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി തുടരുന്നു. നിക്ഷേപകർക്ക് അനുയോജ്യമായ അന്തരീക്ഷമാണ് രാജ്യത്തുള്ളതെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.















