ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകണമെങ്കിൽ പൊതുവെ നാം ആശ്രയിക്കുന്നത് വിമാനങ്ങളെയായിരിക്കും. നമുക്ക് പോകേണ്ട സ്ഥലങ്ങളിലെ അടുത്ത വിമാനത്താവളങ്ങൾ തന്നെ തെരഞ്ഞെടുക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. എന്നാൽ ഇനി പറയുന്ന രാജ്യങ്ങളിലേക്ക് പോകാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ കുറച്ച് പണിപ്പെടേണ്ടി വരും. കാരണം ഈ രാജ്യങ്ങളിൽ വിമാനത്താവളങ്ങളില്ല. അപ്പോൾ പിന്നെ എങ്ങനെ എത്തിപ്പെടുമെന്നല്ലേ.. അറിയാം..
വത്തിക്കാൻ

ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമാണ് വത്തിക്കാൻ. 850ഓളം ജനങ്ങൾ മാത്രമാണ് വത്തിക്കാനിലുള്ളത്. ഏറ്റവും ചെറിയ രാജ്യമായതിനാൽ തന്നെ സ്ഥലപരിമിതി കാരണവും ജനങ്ങളുടെ എണ്ണത്തിലുള്ള കുറവ് പരിഗണിച്ചും ഇവിടെ വിമാനത്താവളങ്ങളില്ല. റോം നഗരം വത്തിക്കാനുമായി അടുത്ത് കിടക്കുന്നതിനാൽ ഇങ്ങോട്ടുള്ള വിനോദസഞ്ചാരികൾ റോമിലെ വിമാനത്താവളങ്ങളെ കൂടുതലായി ആശ്രയിക്കുന്നു.
മൊണാക്കോ

ലോകത്തെ രണ്ടാമത്തെ ഏറ്റവും ചെറിയ രാജ്യമായ മൊണാക്കോയാണ് വിമാനത്താവളങ്ങളിലാത്ത അടുത്ത നഗരം. ഫ്രഞ്ച് റിവേരിയയ്‌ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ നഗരത്തിലും വളരെ കുറച്ച് ജനങ്ങൾ മാത്രമാണ് താമസിക്കുന്നത്. അതിനാൽ യാത്രകൾക്കായി തൊട്ടടുത്തുള്ള ഫ്രാൻസിലെ വിമാനത്താവളത്തെയാണ് ഇവർ ആശ്രയിക്കുന്നത്.
സാൻ മരിനോ

ലോകത്തെ അഞ്ചാമത്തെ ചെറിയ രാജ്യമാണ് സാൻ മരിനോ. ഏകദേശം 30,000 ആണ് ഇവിടുത്തെ ജനസംഖ്യ. എന്നിരുന്നാലും ഈ രാജ്യത്തിന് സ്വന്തമായൊരു വിമാത്താവളമില്ല. ഇറ്റലിയിലെ ഫെഡറികോ ഫെല്ലിനി വിമാനത്താവളമാണ് ഈ പ്രദേശത്തോട് ചേർന്നുള്ള വിമാനത്താവളം.















