ചൂട് മാറും മുൻപ് കൊതുകുജന്യ രോഗവും മലയാളിയെ വലയ്‌ക്കാനെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ആശങ്ക ഉയർത്തി 10 പേർക്കാണ് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചത്.
എന്താണ് വെസ്റ്റ് നൈൽ പനി
കൊതുക് വഴി മനുഷ്യനിലെത്തുന്ന വൈറസ് രോഗമാണ് വെസ്റ്റ് നൈൽ പനി. ക്യൂലക്സ് പിപ്പിൻസ് കൊതുകുകളാണ് പ്രധാനമായും രോഗം പടത്തുന്നത്. 1937-ൽ ആഫ്രിക്കയിലെ ഉഗാണ്ടയിലെ വെസ്റ്റ് നൈൽ ജില്ലയിലാണ് ആദ്യമായി രോഗം റിപ്പോർട്ട് ചെയ്തത്. പിന്നീട് മറ്റ് രാജ്യങ്ങളിലേക്കും പനി എത്തി.
അണുബാധയുള്ള പക്ഷികളിൽ നിന്നും കൊതുകുകൾ വഴിയാണ് വെസ്റ്റ് നൈൽ പനി മനുഷ്യനിലെത്തുന്നത്. രോഗം പടർത്തുന്ന വൈറസ് മരണകാരിയാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. 200-ൽ പരം പക്ഷികളും രോഗവാഹകരാണ്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് നേരിട്ട് പകരില്ലെങ്കിലും രക്തദാനത്തിലൂടെയും അവയവ മാറ്റത്തിലൂടെയും മുലയൂട്ടലിലൂടെയും രോഗം പകരാം.
ലക്ഷണങ്ങൾ
തലവേദന, പനി, പേശിവേദന,തടിപ്പ്, തലകറക്കം, ഛർദ്ദി, ഓക്കാനം, പെരുമാറ്റത്തിലെ വ്യത്യാസം, ബോധക്ഷയം, തളർച്ച, ഓർമ്മ നഷ്ടപ്പെടൽ,എന്നിവയാണ് വെസ്റ്റ് നൈൽ പനിയുടെ പ്രധാന ലക്ഷണങ്ങൾ. അപൂർവ്വം ചിലരിൽ മസ്തിഷ്ക വീക്കം, വിഷാദം, മെനിഞ്ചൈറ്റിസ് തുടങ്ങിയവയും അനുഭവപ്പെട്ടേക്കാം.
രോഗബാധിതരായവരിൽ 75 ശതമാനത്തോളം പേർക്കും രോഗലക്ഷണങ്ങൾ പ്രകടമായി അനുഭവപ്പെടാറില്ലെന്നതും വെല്ലുവിളി സൃഷ്ടിക്കുന്നു. രോഗികളുടെ നട്ടെല്ലിൽ നിന്ന് നീര് കുത്തിയെടുത്ത് പരിശോധനയ്‌ക്ക് അയച്ചാണ് പനി സ്ഥിരീകരിക്കുന്നത്.
പ്രതിരോധം
വൈസ്റ്റ് നൈല്‍ വൈറസിനെതിരായ മരുന്നുകളോ വാക്‌സിനോ ലഭ്യമല്ലാത്തതിനാല്‍ രോഗലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സയും പ്രതിരോധവുമാണ് പ്രധാനം. കൊതുകുകടി എല്‍ക്കാതിരിക്കുകയാണ് എറ്റവും നല്ല പ്രതിരോധ മാര്‍ഗം. ശരീരം മൂടുന്ന വിധത്തില്‍ വസ്ത്രം ധരിക്കുക, കൊതകു വല ഉപയോഗിക്കുക, കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടുക, കൊതുകുതിരി, വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കൊതുക് നശീകരണ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് ഫലപ്രദമാണ്. കൂടാതെ കൊതുകിന്റെ ഉറവിട നശീകരണവും പ്രധാനമാണ്. സ്വയം ചികിത്സ രോഗത്തെ സങ്കീര്‍ണമാക്കും. ആരംഭത്തില്‍ തന്നെ ചികിത്സിച്ചാല്‍ ഭേദമാക്കാവുന്നതാണ്.















