ന്യൂഡൽഹി: കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ സ്മൃതി ഇറാനി. പാകിസ്താന്റെ പിന്തുണ തേടുന്നവർ ഭാരതം വിടേണ്ടതാണെന്ന് സ്മൃതി ഇറാനി തുറന്നടിച്ചു. അമേഠിയിൽ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ.
” സ്വന്തം രാജ്യത്തെക്കാളേറെ പാകിസ്താനെ സ്‌നേഹിക്കുന്നവരാണ് കോൺഗ്രസ് നേതാക്കൾ. പാകിസ്താൻ നേതാക്കൾ ഇന്ന് രാഹുലിന് പിന്തുണ നൽകി സംസാരിക്കുന്നു. പക്ഷേ എനിക്ക് പാക് നേതാവിനോട് പറയാനുള്ളത്, നിങ്ങൾ ഭാരതത്തെ കുറിച്ചോ അമേഠിയെ കുറിച്ചോ ആശങ്കപ്പെടേണ്ട കാര്യമില്ല. നിങ്ങളുടെ രാജ്യം പാകിസ്താനാണ്. അവിടെ നടക്കുന്ന സംഭവങ്ങളെ കുറിച്ച് ബോധവാന്മാരാവുക.
ഞാൻ നിങ്ങളോട് ഒരു കാര്യം കൂടി പറയാൻ ആഗ്രഹിക്കുന്നു. അമേഠിയിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നിർമിച്ച AK203 റൈഫിളിന്റെ ഫാക്ടറിയുണ്ട്. ഇവിടുത്തെ റൈഫിളുകൾ അതിർത്തി കടന്ന് എത്തുന്ന പാക് ഭീകരരെ കൊലപ്പെടുത്താൻ ഉപയോഗിക്കുന്നു. അതിനാൽ പാകിസ്താനിലെ നേതാക്കൾ സ്വന്തം രാജ്യത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ച് അവബോധം സൃഷ്ടിച്ചെടുക്കാൻ ശ്രമിക്കുക. ഇത് അമേഠിയാണ് ഇവിടെ ആര് ജയിക്കണമെന്നത് ജനങ്ങൾ തീരുമാനിക്കും”,- സ്മൃതി ഇറാനി പറഞ്ഞു.
തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് രാഹുലിനെ പിന്തുണച്ച് പാക് നേതാക്കളിലൊരാൾ രംഗത്തെത്തിയത്. പാകിസ്താനുമായി രാഹുലിന് ബന്ധമുണ്ടെന്നും ഇത് നാടിന് ദോഷം ചെയ്യുമെന്നും സ്മൃതി വിമർശിച്ചു. രാഹുലിന് പാകിസ്താനിൽ നിന്ന് ലഭിക്കുന്നത് വൻ പിന്തുണയാണ്. പാകിസ്താനുമായുള്ള രാഹുലിന്റെ ബന്ധം എന്താണെന്ന് പറയണമെന്നും സ്മൃതി ഇറാനി തുറന്നടിച്ചു.
കഴിഞ്ഞ ദിവസമാണ് പാകിസ്താനിലെ മന്ത്രിമാരിലൊരാളായ ചൗധരി ഫവാദ് ഹുസൈൻ, രാഹുലിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരാജയപ്പെടുത്തി രാഹുൽ രാജ്യവും അമേഠിയും സ്വന്തമാക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.















