കോഴിക്കോട്: നടുകടലിൽ മരണവുമായി മല്ലിട്ട മത്സ്യ തൊഴിലാളിയായ 26-കാരന് പുതുജീവനേകി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. തമിഴ്നാട് സ്വദേശി അജിനെയാണ് ഐസിജി രക്ഷിച്ചത്.
ബേപ്പൂരിൽ നിന്ന് 40 നോട്ടിക്കൽ മൈൽ അകലെ നിന്നാണ് അജിനെ രക്ഷിച്ചത്. കേരള തീരത്ത് മത്സ്യബന്ധനത്തിനിടെ അജിൻ വീഴുകയായിരുന്നു. പിന്നാലെ ബേപ്പൂരിലെ മാരിടൈം റെസ്‌ക്യൂ സബ് സെൻ്ററിലേക്ക് (എംആർഎസ്‌സി) മെഡിക്കൽ ഡിസ്ട്രസ് കോൾ എത്തുകയായിരുന്നു. ഞൊടിയിടയിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് സ്ഥലത്തെത്തി. അബോധവസ്ഥയിലായിരുന്നു അജിൻ. ശ്വാസകോശത്തിൽ ഉൾപ്പടെ വെള്ളം കയറിയ നിലയിലായിരുന്നു.
ആരോഗ്യ നില ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞതോടെ ഇന്ത്യൻ കോസ്റ്റ് ഗാർഡിൻറെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററിൽ കൊച്ചിയിൽ നിന്ന് സംഘമെത്തി ആവശ്യമായ വൈദ്യ സഹായം നൽകി. തുടർന്ന് അജിനെ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചു. ആരോഗ്യനിലയിൽ പുരോഗതി കൈവരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.