കൊച്ചി: ജീവനക്കാർ കൂട്ടമായി അവധിയെടുത്തതാണ് മുന്നറിയിപ്പ് ഇല്ലാതെ സർവീസുകൾ റദ്ദ് ചെയ്യേണ്ടി വന്നതെന്ന വിശദീകരണവുമായി എയർ ഇന്ത്യ എക്സ്പ്രസ്. കേരളത്തിന് പുറമേ ഗർഫ് മേഖലകളിലും സർവീസ് റദ്ദാക്കിയിട്ടുണ്ട്. രാജ്യത്ത് 70-ലധികം സർവീസുകളാണ് റദ്ദാക്കിയത്. നൂറുക്കണക്കിന് യാത്രക്കാരാണ് മുന്നറിയിപ്പ് ഇല്ലാതെയുള്ള റദ്ദാക്കലിൽ വലഞ്ഞത്.
ജീവനക്കാർ കൂട്ട അവധിയെടുക്കുകയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തതുമാണ് സർവീസ് പ്രതിസന്ധിയിലാകാൻ കാരണം. 300-ഓളം സീനിയർ കാബിൻ ക്രൂ അംഗങ്ങളാണ് സർവീസിന് തൊട്ടുമുൻപ് സിക്ക് ലീവെടുക്കുകയാണെന്ന് ഫോൺ വിളിച്ചറിയിച്ചത്. പിന്നാലെ ഇവരെല്ലാം മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കുകയും ചെയ്തു.
സംഭവത്തിൽ യാത്രക്കാരോട് ഖേദം പ്രകടിപ്പിക്കുന്നതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. യാത്രക്കാർക്ക് റീഫണ്ട് നൽകുമെന്നും ബുക്കിംഗിനുള്ള അവസരം നൽകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. അലവൻസ് ഉൾപ്പടെയുള്ള തൊഴിൽ സംബന്ധമായ വിഷയങ്ങളിൽ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ നീക്കമെന്നാണ് വിവരം.
കേരളത്തിലാദ്യം കണ്ണൂർ വിമാനത്താവളത്തിലാണ് എയർ ഇന്ത്യ സർവീസ് റദ്ദാക്കിയ വിവരം പുറത്തുവന്നത്. പിന്നാലെ നെടുമ്പാശേരിയിലും കരിപ്പൂരിലും സർവീസ് റദ്ദാക്കി. തിരുവനന്തപുരത്തും സർവീസ് നിർത്തിയിരുന്നു. മസ്കറ്റ്, ദുബായ്, അബുദാബി, ബഹ്റൈൻ, ഷാർജ, ദമാം തുടങ്ങിയ ഇടങ്ങളിലേക്ക് പുറപ്പടേണ്ട സർവീസുകളാണ് റദ്ദ് ചെയ്തത്. സംഭവത്തിൽ വ്യോമയാന അതോറിറ്റി ഇടപെട്ടു.