ദുബായ്: എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സർവീസുകളെയും ബാധിക്കുന്നു. യു.എ.ഇയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള നിരവധി സർവീസുകളാണ് ഇതോടെ റദ്ദാക്കിക്കേണ്ടി വന്നത്.
ഇന്ത്യയിൽ നിന്നെത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് നാട്ടിലേക്ക് തിരിച്ചും സർവ്വീസ് നടത്തുന്നത്. പണിമുടക്ക് ആയതുകൊണ്ട് ഇവിടെ നിന്നുളള സർവ്വീസുകളും മുടങ്ങി. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രയ്‌ക്കായി എത്തിയവരിൽ പലരും അവസാന മണിക്കൂറിലാണ് വിമാനങ്ങൾ ഇല്ലെന്ന വിവരം അറിയുന്നത്.
ദുബായിൽ നിന്ന് കോഴിക്കോട്, തിരുച്ചിറപ്പള്ളി, അമൃത്സർ എന്നിവിടങ്ങളിലേക്കും ഷാർജയിൽ നിന്ന് കൊച്ചിയിലേക്കും കണ്ണൂരിലേക്കും റാസൽ ഖൈമയിൽ നിന്ന് കോഴിക്കോട്ടേക്കുമുള്ള സർവീസുകളാണ് മുടങ്ങിയത്. ഇതോടൊപ്പം അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കുമുള്ള സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. 30 ഓളം എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്ക് ദിവസേന സർവീസ് നടത്തുന്നത്.
വിമാനങ്ങളില്ലാത്ത സാഹചര്യത്തിൽ നിരവധി യാത്രക്കാരാണ് പ്രതിസന്ധിയിലായത്. പലരും വിമാനത്താവളങ്ങളിലെത്തി മടങ്ങി. ഒമാൻ, സൗദി ഉൾപ്പെടെയുള്ള മറ്റ് ജിസിസി രാജ്യങ്ങളിലെ സർവീസുകളും മുടങ്ങിയിട്ടുണ്ട്. മസ്‌കറ്റിൽ നിന്ന് കണ്ണൂരിലേക്കും കൊച്ചിയിലേക്കും തിരുവന്തപുരത്തേക്കുമുള്ള സർവീസുകളാണ് റദ്ദാക്കിയത്. സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്കും ഹൈദരാബാദിലേക്കുമുള്ള സർവീസുകളും മുടങ്ങി.
യാത്ര മുടങ്ങിയവർക്ക് റീഫണ്ടോ പകരം യാത്രാ സംവിധാനമോ ഏർപ്പെടുത്തുമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതർ അറിയിച്ചു. നാട്ടിൽ നിന്നുള്ള സർവീസുകൾ പൂർവ്വസ്ഥിതിലായാൽ മാത്രമേ ഇന്ത്യയിലേക്കുള്ള സർവീസുകൾ സാധ്യമാകുകയുള്ളൂവെന്നും അധികൃതതർ അറിയിച്ചു.