ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ആശങ്ക പരത്തുന്ന കാട്ടുതീ നിയന്ത്രണവിധേയമാക്കുന്നതിൽ അനാസ്ഥ കാണിച്ചതിന് 17 ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ച് ഉത്തരാഖണ്ഡ് സർക്കാർ. നാലു പേർക്കെതിരെ അച്ചടക്കനടപടിയും പതിനൊന്ന് പേർക്ക് സസ്‌പെൻഷനും ലഭിച്ചു. രണ്ട് പേർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.
വനം വകുപ്പാണ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചത്. പിത്തോറഗഡ് ജില്ലയിലെ ഗംഗോലിഹട്ട് മേഖലയിൽ തീയിട്ട 4 പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തീയണയ്‌ക്കുന്ന ദൗത്യത്തിൽ അഗ്നിശമനസേനയും വ്യോമസേനയും സംയുക്തമായി ശ്രമങ്ങൾ നടത്തിവരുകയാണ്.
കാട്ടുതീ നിയന്ത്രണ വിധേയമാക്കുന്നതിനുളള പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ നേതൃത്വത്തിൽ തുടർച്ചയായ യോഗങ്ങൾ ചേരുന്നുണ്ട്. നിലവിൽ തീ നിയന്ത്രണ വിധേയമായെന്നാണ് വിലയിരുത്തൽ. ഛാർ ധാം യാത്ര ഉൾപ്പെടെ ആരംഭിക്കാനിരിക്കെ കാട്ടു തീ പടർന്നത് ഉദ്യോഗസ്ഥരെയും ആശങ്കയിലാക്കിയിട്ടുണ്ട്.















