ന്യുഡൽഹി: തമിഴ്‌നാട് നിയമസഭയിലേക്ക് ബിജെപി യിൽ നിന്ന് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട മുൻ എംഎൽഎ സി വേലായുധം അന്തരിച്ചു. 1996 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ പത്മനാഭപുരം മണ്ഡലത്തിൽ നിന്ന് വിജയിച്ച വേലായുധത്തിന്റെ നിര്യാണത്തിൽ ബിജെപി അധ്യക്ഷൻ ജെപി നദ്ദ അനുശോചനമറിയിച്ചു.
“മുൻ എംഎൽഎയും സാമൂഹിക പ്രവർത്തകനുമായ സി. വേലായുധത്തിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖമുണ്ട്. 1996-ലെ തിരഞ്ഞെടുപ്പിൽ പത്മനാഭപുരം മണ്ഡലത്തെ പ്രതിനിധീകരിച്ച് ബിജെപിയിൽ നിന്ന് തമിഴ്നാട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ സ്ഥാനാർത്ഥിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പ്രതിബദ്ധതയും അർപ്പണബോധവും എന്നും ഓർമ്മിക്കപ്പെടും. കുടുംബാംഗങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും എന്റെ അനുശോചനം അറിയിക്കുന്നു ” നദ്ദ എക്‌സിൽ കുറിച്ചു.
വേലായുധത്തിന്റെ വിയോഗത്തിൽ തമിഴ്‌നാട് ബി.ജെപി അധ്യക്ഷൻ കെ അണ്ണാമലൈയും അനുശോചനമറിയിച്ചു. ” തമിഴ്‌നാട് ബിജെപിയുടെ ആദ്യ നിയമസഭാംഗവും പാർട്ടിയുടെ തുടക്കക്കാരിൽ ഒരാളുമായ ശ്രീ.സി.വേലായുധന്റെ നിര്യാണവാർത്ത അത്യന്തം ദു:ഖകരമാണ്. അദ്ദേഹം പാർട്ടിയുടെ വികസനത്തിനായി കഠിനാധ്വാനം ചെയ്‌ത ഒരാളായിരുന്നു. തമിഴ്‌നാട്ടിൽ ബിജെപിയുടെ വളർച്ചയിൽ അദ്ദേഹം പ്രതീക്ഷ വിതച്ചു”, അണ്ണാമലൈ എക്‌സിൽ കുറിച്ചു.















