ന്യൂഡൽഹി: ഹജ്ജ് തീർത്ഥാടകരുടെ ക്ഷേമം ഉറപ്പാക്കാൻ വിപുലമായ ഒരുക്കങ്ങളുമായി കേന്ദ്രസർക്കാർ. 285 ഹജ്ജ് തീർത്ഥാടകരുമായുള്ള ഈ വർഷത്തെ ആദ്യ വിമാനം ഇന്ന് പുലർച്ചെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടു.
ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകർക്കായുളള മുഴുവൻ സൗകര്യങ്ങളും മക്കയിലും മദീനയിലും ഇതിനകം വിദേശകാര്യമന്ത്രാലത്തിന്റെ നേതൃത്വത്തിൽ പൂർത്തീകരിച്ചിട്ടുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയ സെക്രട്ടറി മുക്തേഷ് കെ. പരദേശി, സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഇജാസ് ഖാൻ, കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം തുടങ്ങിയവർ കഴിഞ്ഞ ദിവസം മദീനയും ജിദ്ദയും സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. 1,40,020 പേരാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി ഇത്തവണ സൗദിയിലേക്ക് പോകുന്നത്.
കഴിഞ്ഞ 10 വർഷമായി ഹജ്ജ് കർമ്മം സുഗമമാക്കാൻ നിരവധി പദ്ധതികളാണ് കേന്ദ്രസർക്കാർ നടപ്പാക്കിയത്. പുരുഷ സഹയാത്രികൻ ഇല്ലാതെ തീർത്ഥാടനത്തിന് പോകാൻ സ്ത്രീകൾക്കുള്ള അനുമതി ( മെഹ്‌റം) എടുത്ത് പറയേണ്ടതാണ്. ഇതുകൂടാതെ അപേക്ഷ നടപടികൾ പൂർണ്ണമായും ഡിജിറ്റലൈസ്ഡ് ചെയ്തതോടെ സുതാര്യത ഉറപ്പ് വരുത്താനും സാധിച്ചു. ഇന്ത്യൻ തീർത്ഥാടകർക്കുള്ള ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്താൻ “ഇ-മസിഹ” എന്നപേരിൽ ഡിജിറ്റൽ ഹെൽത്ത് കാർഡും ഏർപ്പെടുത്തി. ഒപ്പം ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ പോർട്ടലിനും കേന്ദ്രസർക്കാർ തുടക്കമിട്ടു.
ക്ലേശമില്ലാത്ത ഹജ്ജ് യാത്ര ഉറപ്പ് വരുത്താൻ മാർച്ച് മാസത്തിലാണ് ഹജ്ജ് സുവിധ ആപ്പ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി പുറത്തിറക്കിയത്. തീർത്ഥാടനത്തിന് പോകുന്നവർക്ക് പരിശീലന മൊഡ്യൂളുകൾ, ഫ്ലൈറ്റിന്റെ വിശദാംശങ്ങൾ, താമസസൗകര്യം, എമർജൻസി ഹെൽപ്പ് ലൈൻ, ആരോഗ്യം തുടങ്ങിയ സേവനങ്ങൾ ഹജ്ജ് സുവിധ ആപ്പ് വഴി ലഭ്യമാകും.
ഇന്തോനേഷ്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഹജ്ജ് തീർഥാടകരെ അയക്കുന്നത് ഇന്ത്യയാണ്. 2023-ൽ 1.40 ലക്ഷത്തിലധികം പേരാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് നിർവഹിച്ചത്. 2022 നെ അപേക്ഷിച്ച് ഗണ്യമായ വർദ്ധനവാണ് തീർത്ഥാടകരുടെ എണ്ണത്തിൽ ഉണ്ടായത്.















