പ്രോട്ടീൻ സപ്ലിമെന്റുകൾ കഴിക്കുന്നതിന് പിന്നിലെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി ഐസിഎംആർ. ബോഡി ബിൽഡിംഗിന് താത്പര്യമുള്ളവർ പൊതുവെ കഴിക്കാറുള്ള പ്രോട്ടീൻ സപ്ലിമെന്റുകൾ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഐസിഎംആർ അറിയിച്ചു.
പ്രോട്ടീൻ പൗഡറുടെ രൂപത്തിൽ കഴിക്കുന്ന സപ്ലിമെന്റുകൾ വിവിധ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. ഷുഗർ, നോൺ-കലോറിക് സ്വീറ്റ്നർ, ആർട്ടിഫിഷ്യൽ ഫ്ലേവറുകൾ എന്നിവയടങ്ങിയിട്ടുള്ളതാണ് പ്രോട്ടീൻ പൗഡറുകൾ. മസിലുകളുടെ വളർച്ചയ്‌ക്ക് സഹായകമായ BCAAs ഇതിൽ അടങ്ങിയിരിക്കുന്നു. ബ്രാഞ്ച്ഡ്-ചെയ്ൻ അമിനോ ആസിഡുകളാണ് BCAAs. ഇത് ശരീരത്തിലേക്ക് കൂടുതലായി എത്തിയാൽ പല രോഗങ്ങൾക്കും കാരണമായേക്കുമെന്നാണ് പഠന റിപ്പോർട്ടുകൾ.
ICMRന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്ട്രീഷന്റെ ഡയറക്ടർ ഡോ. ഹേമലത ആർ അടങ്ങുന്ന വിദഗ്ധരുടെ സംഘം ആഹാരക്രമീകരണങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നു. ആഹാരത്തിൽ ഉപ്പ് കുറയ്‌ക്കുക, ഷുഗർ പരമാവധി ഒഴിവാക്കുക, അൾട്രാ പൊസസ്ഡ് ഫുഡ് ഡയറ്റിൽ നിന്ന് മാറ്റുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ. പ്രോട്ടീൻ പൗഡറുകൾ അധിക കാലം കഴിച്ചാൽ എല്ലുകൾ ക്ഷയിക്കാനും വൃക്കയ്‌ക്ക് തകരാർ സംഭവിക്കാനും മൂത്രത്തിൽ കല്ലുൾപ്പടെയുള്ള അവസ്ഥകൾക്കും കാരണമായേക്കും. കഴിക്കുന്ന ഭക്ഷണത്തിൽ 5 ശതമാനത്തിൽ താഴെ മാത്രമേ ഷുഗർ പാടുള്ളൂ. മികച്ച ആഹാരക്രമീകരണത്തിൽ 45 ശതമാനത്തിന് മുകളിൽ കലോറി (ധാന്യങ്ങളിൽ നിന്നും മില്ലെറ്റുകളിൽ നിന്നും ) പാടില്ലെന്നും നിർദേശിക്കുന്നുണ്ട്.
പയർവർഗങ്ങൾ, ബീൻസ്, മാംസ്യം എന്നിവയിൽ നിന്നുള്ള കലോറിയിൽ നിന്നും 15 ശതമാനം മാത്രമേ ഷുഗർ ഉണ്ടാകാവൂ. നട്സ്, പച്ചക്കറികൾ, പഴങ്ങൾ, പാൽ എന്നീ പ്രകൃതദത്ത ആഹാരങ്ങളിൽ നിന്നുള്ള കലോറി മാത്രം പരമാവധി സ്വീകരിക്കുക.
ഇന്ത്യയിലുള്ളവരിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന 56 ശതമാനം രോഗങ്ങളും മോശം ഡയറ്റ് കാരണം സംഭവിക്കുന്നതാണെന്നും വ്യായാമവും നല്ല ആഹാരക്രമീകരണവും ശീലമാക്കിയാൽ ഹൃദ്രോഗ പ്രശ്നങ്ങളും ഹൈപ്പർടെൻഷനും ഒരുപരിധി വരെ കുറയ്‌ക്കാമെന്നുമാണ് നിർദേശം. ഒപ്പം ടൈപ്പ് 2 പ്രമേഹത്തെ ചെറുക്കാനും ഇതുവഴി സാധിക്കും.















