വിശ്വപ്രസിദ്ധം -തിരുപ്പതി
ക്ഷേത്രങ്ങളുടെ നാടാണ് തിരുപ്പതി. തിരുപ്പതി ഭഗവാനെ ദർശിച്ചാൽ ജീവിതം ധന്യമായെന്നാണ് വിശ്വാസം. ഏതൊരു ഭക്തനും ജീവിതത്തിൽ ഒരിക്കലെങ്കിലും ദർശിക്കേണ്ട സ്ഥലങ്ങളിൽ പ്രധാനപ്പെട്ടതാണ് തിരുപ്പതി ബാലാജി ക്ഷേത്രം. ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് ശ്രീ വെങ്കിടേശ്വര ഭഗവാന്റെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ പേരും പെരുമയും തിരുപ്പതിയെ ലോകമെമ്പാടും ജനപ്രിയമാക്കുന്നു. തിരുപ്പതി ഭഗവാനും തിരുപ്പതി ലഡുവുമൊക്കെ ലോകത്തിന്റെ ഏത് കോണിലും പ്രശസ്തവുമാണ്.
രാഷ്‌ട്രീയത്തിലെ തിരുപ്പതി
ആത്മീയ കാര്യങ്ങളിൽ മാത്രമല്ല, രാഷ്‌ട്രീയ കാര്യങ്ങളിലും പ്രശസ്തമാണ് തിരുപ്പതി. രാജ്യത്ത് 400-ലധികം സീറ്റുകൾ നേടുകയെന്ന ലക്ഷ്യത്തിലേക്ക് സംഭാവന നൽകാൻ തിരുപ്പതി മണ്ഡലത്തിന് സാധിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ബിജെപി. ആത്മീയ കേന്ദ്രവും ക്ഷേത്രങ്ങളുടെ നാടുമായ തിരുപ്പതി അഭിമാനകരമായ സീറ്റായി കണക്കാപ്പെടുന്നു.
രാജ്യത്തിന്റെ വിദ്യാഭ്യാസ ഹബ്ബാണ് തിരുപ്പതി എന്ന് വിശേഷിപ്പിക്കാവുന്നതാണ്. ഏഴ് സർവകലാശാലകൾ, ഐഐടി, ഐഐഎസ്ഇആർ പോലുള്ള ദേശീയ സ്ഥാപനങ്ങൾ എന്നിവയാൽ സമ്പന്നമായ തിരുപ്പതിയിൽ ഇത്തവണ വമ്പൻ ട്വിസ്റ്റുകൾക്കാണ് സാക്ഷ്യം വഹിക്കുക.
വളരുന്ന ബിജെപി, അപ്രസക്തമാകുന്ന കോൺഗ്രസ്
ഏഴ് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന തിരുപ്പതിയിലെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഗ്രാഫെടുത്താൽ വളർച്ച പ്രാപിക്കുന്ന ബിജെപിയെ കാണാവുന്നതാണ്. 2004-ൽ ബിജെപിക്ക് മൂന്ന് ലക്ഷത്തിലധികം വോട്ട് കഴിഞ്ഞിരുന്നു. എന്നാൽ 2009-ലെ തെരഞ്ഞെടുപ്പിൽ കേവലം 2.04 ശതമാനം വോട്ടുകളോടെ നാലാം സ്ഥാനം മാത്രമാണ് ബിജെപിക്ക് നേടാനായതെങ്കിൽ അഞ്ച് വർഷങ്ങൾക്കിപ്പുറം ബിജെപിക്ക് മണ്ഡലത്തിലെ പ്രതിപക്ഷമാകാൻ കഴിഞ്ഞു, 42.72 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയത്. ബിജെപി നിരന്തരം വോട്ട് വർദ്ധിപ്പിക്കുമ്പോൾ മണ്ഡലത്തിൽ കോൺഗ്രസ് ക്ഷയിച്ചു എന്നുവേണമെങ്കിൽ പറയാം.
തിരുപ്പതിക്കാരുടെ ജനപ്രിയൻ
വർഷം കഴിയുന്തോറും വോട്ട് വിഹിതം വർദ്ധിപ്പിക്കുന്ന ബിജെപി ഇത്തവണയും ശക്തനും ജനപ്രിയനുമായ സ്ഥാനാർത്ഥിയെയാണ് കളത്തിലിറക്കുന്നത്. മണ്ഡലത്തിലെ നിറസാന്നിധ്യവുമായ മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ വെലഗപ്പള്ളി വരപ്രസാദ് റാവുവാണ് ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നത്.
1983 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം 2009-ലാണ് രാഷ്‌ട്രീയത്തിലേക്ക് ചുവടുവയ്‌ക്കുന്നത്. ജന്മനാട്ടിലെ ജനങ്ങളെ സേവിക്കുന്നതിനായി അദ്ദേഹം സ്വമേധയാ വിരമിക്കുകയായിരുന്നു. 2009-ൽ പ്രജാ രാജ്യം പാർട്ടി (പിആർപി) ടിക്കറ്റിൽ മത്സരിച്ച് മൂന്നാം സ്ഥാനം കരസ്ഥമാക്കിയ അദ്ദേഹം, 2019-ൽ നിയമസഭ തെരഞ്ഞെടുപ്പിൽ വെഎസ്ആർസിപി പാർട്ടിയെ പ്രതിനിധീകരിച്ച് ഗുഡൂർ മണ്ഡലത്തിന്റെ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു. ജനങ്ങളിലേക്ക് ഇറങ്ങി ചെന്നുള്ള പ്രവർത്തനങ്ങളും ഐഎഎസ് ഉദ്യോഗസ്ഥന്റെ മികവുമാണ് വോട്ടായി മാറിയത്.
അഞ്ച് വർഷങ്ങൾക്കിപ്പുറം 2014-ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വെഎസ്ആർസിപി സ്ഥാനാർത്ഥിയായി 37,425 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം വിജയിച്ചത്. ഇതേ വർഷം ജനസേന-ടിഡിപി-ബിജെപി സഖ്യം 5,42,951വോട്ടുകളും സ്വന്തമാക്കി. മുൻ തെരഞ്ഞെടുപ്പിൽ നാലാം സ്ഥാനത്തായിരുന്ന ബിജെപി വോട്ട് വിഹിതം വർദ്ധിപ്പിക്കുന്ന സാഹചര്യമാണ് ഉണ്ടായതെങ്കിൽ കോൺഗ്രസ് റിവേഴ്സ് ഗിയറിലായിരുന്നുവെന്നതും ശ്രദ്ധേയം. പിന്നീട് 2021-ൽ നടന്ന ഉപതെരഞ്ഞെടുപ്പിലും വോട്ട് ഉയർത്തുന്ന ബിജെപി ട്രെൻഡ് തുടർന്നു. 3.95 ശതമാനം ഉയർച്ചയാണ് അന്നേ വർഷം രേഖപ്പെടുത്തിയത്.
വൈഎസ്ആർപിയുടെ മദ്ദില ഗുരുമൂർത്തിയാണ് നിലവിലെ തിരുപ്പതി എംപി. സിറ്റിംഗ് എംപിക്ക് വെല്ലുവിളി ഉയർത്താനായി ജനങ്ങളുടെ നേതാവായ വരപ്രസാദ് റാവുവുമുണ്ട്. ചിന്താ മോഹനാണ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി. ജനപ്രീതിയും സഖ്യശക്തിയും ഇത്തവണ വോട്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ് ബിജെപി. സഖ്യകക്ഷികൾക്ക് മണ്ഡലത്തിൽ വൻ സ്വാധീനമുള്ളതും മണ്ഡലത്തിൽ പവൻ കല്യാണിനുള്ള സ്വാധീനവും വിജയാരവത്തിലേക്ക് എത്തിച്ചേക്കുമെന്നാണ് വിലയിരുത്തൽ. ജന്മനാടിനെ വികസന കുതിപ്പിലെത്തിക്കുമെന്ന് ആത്മീയ നഗരത്തിലെ ജനങ്ങൾക്ക് അറിയാം. ആത്മീയ ടൂറിസം മേഖലയിലും അടിസ്ഥാന സൗകര്യ വികസനത്തിലും അഭൂതപൂർവ്വമായ വളർച്ചയ്‌ക്ക് ജനങ്ങൾ ആരെ തിരഞ്ഞെടുക്കുമെന്ന ആകാംക്ഷയിലാണ് രാജ്യം.
16,50,003 പേരാണ് മണ്ഡലത്തിൽ വിധിയെഴുതുന്നത്. ഗ്രാമീണ വോട്ടർമാരാണ് മണ്ഡലത്തിന്റെ കരുത്ത്. ഏകദേശം 1,128,602 ഗ്രാമവാസികളാണ്. 31.6 ശതമാനം പേരാണ് നഗര വോട്ടർമാർ.