തിരുവനന്തപുരം: നടുറോഡിൽ മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തിന് ശേഷം ബസിലെ ക്യാമറയുടെ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ ഡ്രൈവർ യദുവിനെ പൊലീസ് ചോദ്യം ചെയ്തു. വൈകിട്ട് കസ്റ്റഡിയിലെടുത്ത യദുവിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലെത്തിച്ചാണ് ചോദ്യം ചെയ്തത്.
രാവിലെ കണ്ടക്ടറെയും സ്റ്റേഷൻ മാസ്റ്ററെയും ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. യദുവിന്റെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും വീണ്ടും വിളിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു. മെമ്മറി കാർഡ് കാണാതായതിൽ യദുവിനെയും പൊലീസ് സംശയിച്ചിരുന്നു. ഇതേ തുടർന്നാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചത്.
കെഎസ്ആര്‍ടിസിയുടെ പരാതിയില്‍ തമ്പാനൂര്‍ പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പൊലീസ് ബസ് പരിശോധിച്ചതോടെ ക്യാമറയുടെ ഡിവിആര്‍ ലഭിച്ചിരുന്നു. എന്നാല്‍ ഡിവിആറില്‍ മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നില്ല. സംഭവ സമയത്ത് ക്യാമറ പ്രവർത്തിച്ചിരുന്നുവെന്നും ആരെങ്കിലും മനഃപൂർവ്വം എടുത്ത് മാറ്റിയതാകാമെന്നുമാണ് സംഭവത്തിൽ യദു പ്രതികരിച്ചത്.